Powered By Blogger

Saturday, 24 September 2016

ചെമ്പുകലവും അരിയും

(അമ്മ വക നോസ്റ്റാല്‍ജിയ,തോട്ടുവാ ഓര്‍മ്മകള്‍ No:2 )
എന്‍റെ കുട്ടിക്കാലത്തേ മറ്റൊരു ഓര്‍മ്മ.

ഒരു മിഡില്‍ സ്കൂള്‍ അദ്ധ്യാപകനായിരുന്നു എന്‍റ്റെ അച്ഛന്‍. തുച്ഛമായ വരുമാനം മാത്രം. School teachersന് അക്കാലത്ത് ശമ്പളം തീരേ കുറവാണ്. ഇന്നത്തെപ്പോലെ ട്യുഷന്‍ ക്ലാസ്സ്‌ ഒന്നും അന്നില്ല. അതിനാല്‍ വീട്ടില്‍ അല്‍പസ്വല്‍പ്പം കഷ്ടപ്പാടുകള്‍ ഉണ്ടായിരുന്നു.

ഇങ്ങിനെയൊക്കെ ആണെങ്കിലും ശമ്പളം കിട്ടുന്ന ദിവസം അച്ഛന്‍ കവലയില്‍ പോയി അരിയും സാധനങ്ങളും വാങ്ങും. ഒരു പയ്യ്ലീ ചേട്ടന്‍റെ കടയില്‍ നിന്നുമാണ് ഇതൊക്കെ വാങ്ങുന്നത്. തലചുമടായി വീട്ടിലോട്ട് കൊണ്ടുവരും. ആ ദിവസം വീട്ടില്‍ ഉത്സവചായയാണ്. കൊണ്ടുവന്ന അരി ഒരു തേച്ചുമ്മിനിക്കിയ ചെമ്പുക്കലത്തില്‍ അച്ഛനും അമ്മയും കൂടി ഇട്ടു വയ്ക്കും. ചെമ്പുകലം നിറയെ അരി!!! അമ്മയ്ക്ക് സന്തോഷം. അച്ഛന് സംതൃപ്തി. എനിക്കോ? എന്നും വയറുനിറയെ ധാരാളം ചോറ് അമ്മ വിളമ്പി തരുമല്ലോ എന്ന സന്തോഷവും. പറമ്പില്‍ തേങ്ങ ഉള്ളതുക്കൊണ്ട് ഒരു കൂട്ടാനും കാണും. കുശാല്‍.

വര്‍ഷങ്ങള്‍ അന്‍പത്തിയഞ്ചു കഴിഞ്ഞു. തറവാടൊക്കെ പണ്ടേ വിറ്റുപ്പോയി. എന്നാലും ഞാന്‍ കൂടെക്കൂടെ തോട്ടുവായില്‍ പോകും. ആ ചെമ്പുകലം എവിടെപ്പോയി? അറിഞ്ഞുകൂടാ...ഞങ്ങളുടെ അരിപ്പെട്ടി/പത്താഴം ആയിരുന്ന ആ തേച്ചുമിനുക്കിയ ചെമ്പുകലം ഒരു ഓര്‍മ്മയായി മാറി കഴിഞ്ഞിരിക്കുന്നു. അരി കൊണ്ടുവന്ന്, ആ ചെമ്പുകലം അരി കൊണ്ട് നിറയുമ്പോള്‍, ആ നിറഞ്ഞ ചെമ്പുകലം കാണുമ്പോഴേ എന്‍റെ വയറുനിറയുമായിരുന്നു. കലം നിറച്ചും കുംബാരമായി പുഴുക്കലരി!

ഇപ്പോള്‍, ഇവിടെ, എറണാകുളം പട്ടണത്തില്‍, എല്ലാ മാസവും ആദ്യ ദിവസങ്ങളില്‍ തന്നേ അരിയും മറ്റു ആവശ്യസാധനങ്ങളും മേടിച്ചോണ്ട് വരും. കാറില്‍. വീട്ടില്‍ കൊണ്ടുവന്ന് കഴിഞ്ഞാല്‍, ഇന്നും, ആദ്യം എടുത്ത് വയ്ക്കുക, അരിയാണ്. 

സ്റ്റീല്‍ പാത്രങ്ങളില്‍ അരി നിറയ്ക്കുമ്പോള്‍, ആ ചെമ്പുകലവും അതിലേക്ക് അരി നിറയ്ക്കുന്ന, അച്ഛനും അമ്മയും, എല്ലാം ഒരു മിന്നായംപ്പോലെ എന്‍റെ മുന്നിലൂടെ മിന്നിമറയും. കണ്ണുകള്‍ നിറയും.

Monday, 12 September 2016

ആ ചീട്ടി പാവാട

 ( എന്‍റെ അമ്മയുടെ വക ഒരു ഓണം ഓര്‍മ്മ )

പെരുംബാവുരിനു സമീപം തോട്ടുവ എന്ന ഒരു കുഗ്രാമ്മത്തിലാണ് ഈ സംഭവം. ഇന്നിത് കുഗ്രാമ്മമല്ല. ഒരു ചെറിയ പട്ടണമാണ്. ഇന്റര്‍നാഷണല്‍ ഫ്ല്യ്റ്റുകള്‍ എല്ലാം ഞങളുടെ വീടുകളില്‍ തൊട്ടു തൊട്ടില്ലാ എന്ന മട്ടില്‍ പറക്കും.

55 വര്‍ഷം മുമ്പുള്ള ഒരു ഓണക്കാലം. എനിക്കന്ന് പന്ത്രണ്ട് വയസ്സ്. ഞങ്ങള്‍ക്ക് ആ വര്‍ഷം ഓണമില്ല (കാരണം കൃത്യമായി ഓര്‍മയില്ല). അത്തപ്പൂ ഇടാന്‍ പറ്റാത്ത സങ്കടത്തില്‍ ഇരിക്കുമ്പോള്‍, ധനികയും സല്‍സ്വഭാവിയുമായ എന്‍റെ വല്യമ്മ വന്നിട്ട് എന്നോട് പറഞ്ഞു, പത്ത് ദിവസം അവരുടെ വീട്ടില്‍ ചെന്ന് പൂക്കളം ഇട്ടു കൊടുത്താല്‍ ഓണത്തിന് ഒരു നല്ല പാവാട സമ്മാനമായി തരാം. എന്‍റെ സങ്കടം എല്ലാം പോയി. പാവട കിട്ടുമല്ലോ. ആ സന്തോഷത്തില്‍, ഞാന്‍ ധാരാളം പൂകള്‍ ശേകരിച്ച്ഓരോ ദിവസവും വല്യമ്മേടെ വീട്ടില്‍ പൂക്കളം ഒരുക്കി.

അങ്ങിനെ തിരുവോണ നാള്‍ വന്നു. രാവിലെ, വല്യമ്മ എനിക്ക് ഒരു സമ്മാനപൊതി തന്നു. മനോഹരമായ ഒരു “ചീട്ടി പാവാട”. ചീട്ടി എന്നുവെച്ചാല്‍ കോട്ടന്‍ എന്നര്‍ത്ഥം. മഞ്ഞയില്‍ കറുത്ത പൂകലുള്ള പാവാടയും നീല ജാകറ്റും! ആ സമ്മാനം കിട്ടിയപ്പോളുള്ള സന്തോഷം പറഞ്ഞറിയിക്കാനാവില്ല.

ഇന്നും, എല്ലാ തിരുവോണനാളും പുതിയ സാരി ഉടുക്കുമ്പോള്‍ ആദ്യം ഓര്‍മ്മയില്‍ വരുന്നത് ആ വല്യമ്മ തന്ന ചീട്ടി പാവടയാണ്.

എത്രയെത്ര വില കൂടിയ സാരികള്‍ കിട്ടിയാലും, ഉടുത്താലും, അന്ന് കിട്ടിയ പാവാട ഉടുത്ത സന്തോഷവും സംതൃപ്തിയും ഒന്ന് വേറെ തന്നെ.


NB: നോസ്റ്റാല്‍ജിയയുടെ ആ നിലവറ അമ്മ തുറന്നു എന്ന് കരുതുന്നു. തുറന്നെങ്കില്‍, ഇത് ഒരു തുടക്കം മാത്രം.

Thursday, 8 September 2016

പക്ഷിശാസ്ത്രം



ആമുഖം: തോട്ടുവാ, ഇതാണ് എന്‍റെ അമ്മവീടിന്റ്റെ സ്ഥല പേര്. എറണാകുളത്ത് നിന്നും പോവുമ്പോള്‍, പെരുമ്പാവൂര്‍ ടൌണില്‍ നിന്ന് ഏകദേശം ഒരു പത്തില്‍ താഴേ കിലോമീറ്റര്‍ ദൂരം. പെരിയാറിന്‍റെ തീരത്താണ് ഈ സ്ഥലം. പുഴയോരത്ത് നിന്നാല്‍ മലയാറ്റൂര്‍ മല കാണാം. രണ്ടായിരത്തിന്റ്റെ തുടക്കം വരെയെങ്കിലും, ശെരിക്കും ഒരു ഗ്രാമം. “കേരളത്വം” നിറഞ്ഞു തുളുമ്പുന്ന ഗ്രാമം. പച്ചപ്പ്‌ മൂടിയ ഭൂമി. ട്ടാറിനെ പരിജയമില്ലാത്ത വഴികള്‍. ഓടുകള്‍, കോണ്‍ക്രീറ്റിന് ഇരിപ്പിടം ഒരുക്കിത്തുടങ്ങുന്നു. വീട്ടുമ്മുറ്റത്ത് വരെ ഓട്ടോറിക്ഷാ വന്നുത്തുടങ്ങി. അപ്പോഴും, ഒരു നല്ല കാറ്റ് വീശിയാല്‍, കറണ്ട് പണി മുടക്കും. ( ഇപ്പോള്‍ തോട്ടുവാ എന്ന സ്ഥലം, ഒരു എണ്‍പത് ശതമാനം മോഡേണ്‍ ആയി.)

പതിവ് പോലെ, ഇന്ന് ഉച്ചക്ക് ഊണ് കഴിക്കാന്‍ ഞാന്‍ വീട്ടില്‍ എത്തി. വണ്ടി പാര്‍ക്ക്‌ ചെയ്ത് വീട്ടിലേക്ക് കയറുമ്പോള്‍, ഒരു ശബ്ദം കേട്ടു. വാതില്‍ തുറക്കും മുമ്പ് വീണ്ടും കേട്ടു.

ങ്ങ്ഹു  ങ്ങ്ഹു ങ്ങ്ഹു ങ്ങ്ഹു ങ്ങ്ഹു.... ങ്ങ്ഹു ങ്ങ്ഹു ങ്ങ്ഹു ങ്ങ്ഹു ങ്ങ്ഹു.... descending volumeയില്‍.....

അമ്മയുടെ കൂടെ ഊണ് കഴിക്കാന്‍ ഇരുന്നു. ഞാന്‍ ചോദിച്ചു, ഇത് ഏതു പക്ഷിടെ ശബ്ദമാണ്? മരംകൊത്തിടെ ആണോ? അമ്മ പറഞ്ഞു, ഏതു ശബ്ദം? അന്നിട്ട്‌ വാതില്‍ക്കല്‍ പോയി നിന്നു. തല ലേശം ചരിച്ച്, കഴുത്ത് സ്വല്‍പ്പം താഴ്ത്തി, ശ്രദ്ധിക്കാന്‍ തുടങ്ങി. അന്നിട്ട്‌, എന്തോ മനസ്സില്‍ ആലോജിച്ചുക്കൊണ്ട്, ചെറിയ ഒരു “smile”ഓടെയുള്ള മുഖവുമായി വന്നിരുന്നു. ഞാന്‍ ചോദിച്ചു, എന്താണ് ഞാന്‍ പറഞ്ഞത് ശെരിയാണോ? മരംകൊത്തിയാണോ?

അമ്മ: ഏയ്‌...അല്ലല്ലാ....നീ പറഞ്ഞതൊന്നും അല്ലാ....(അപ്പോഴും ആ smile മാറിയിട്ടില്ലാ, ആ ശബ്ദം അപ്പോഴും ചെവിയില്‍ പിടിചോണ്ടിരിക്കുവാ )...ഇതേയ്.....ഞാന്‍ ഇത് ഇപ്പൊ ചിക്കാഗോയില്‍ പോയപ്പോളും കേട്ടു....ഇതേ ശബ്ദം....ഇപ്പൊ ഇത് അവിടെയും എത്തി....അതുതന്നെയാ....

ഞാന്‍: എന്ത് ഇപ്പൊ അവിടെയും എത്തിന്ന്? അമ്മ എന്താണ് പറഞ്ഞുവരുന്നത്?

അമ്മ: ഈ പക്ഷി....ഇത് പണ്ട് തോട്ടുവായില്‍ ഉണ്ടായിരുന്നു. അന്ന് പക്ഷേ, ശബ്ദം ഇങ്ങനെയല്ല. അന്ന്, “കുട്ട്യേട്ടത്തിയേ ഗുര്ര്ര്ര്ര്ര്‍ കുട്ട്യേട്ടത്തിയേ ഗുര്ര്ര്ര്ര്ര്‍ കുട്ട്യേട്ടത്തിയേ ഗുര്ര്ര്ര്ര്ര്‍” എന്ന് പറയുമായിരുന്നു. ഇതിപ്പോ ആണ്‍ പക്ഷിയാ...അതാ ഇങ്ങിനേ....

പച്ചമുളക് തൊണ്ടയില്‍ കുടിങ്ങിയതാണോ, ഭക്ഷണം മൂക്കി കയറിയതാണോ, അതോ ഇത് കേട്ടപ്പോ സംഭവിച്ചതാണോ, അറിയില്ല. ഞാന്‍ ചുമയോട് ചുമ. ഒന്നുംമറിയാത്തപ്പോലേ, അമ്മ പറഞ്ഞു, പതുക്കെ തിന്നെടാ, വെള്ളം കുടിക്ക്, ശെരിയാകും. എന്താ ലേ !!!

ഒഹ്, സമയം പാതിരാ ആയി. ഗുഡ് നൈറ്റ്‌. ചുമ്മാ ഒരു കഥ, അമ്മേടെ സംഭാവന. ഈശ്വരാ, ദേ ഇപ്പോഴും കേള്‍ക്കുന്നു ആ ശബ്ദം.

ങ്ങ്ഹു ങ്ങ്ഹു ങ്ങ്ഹു ങ്ങ്ഹു ങ്ങ്ഹു.... ങ്ങ്ഹു ങ്ങ്ഹു ങ്ങ്ഹു ങ്ങ്ഹു ങ്ങ്ഹു.....

ഇനിയിപ്പോ ഇത് വല്ല പരുന്തോ മറ്റുമാണോ? അല്ലാ, മൂങ്ങയോ മറ്റോ? ഏയ്...മൂങ്ങ ഉച്ചക്കോ???? പക്ഷേ ഈ പാതിരയ്ക്കും അത് കേള്‍ക്കുന്നു......ചിക്കാഗോയില്‍ നിന്നു അമ്മ വന്നപ്പോ, അറിയാണ്ട് പെട്ടിയില്‍ കയറി കൂടിയോ ഈ സാധനം??? എന്നാലും എന്ത് പക്ഷിയാ ഇത്???

കുട്ട്യേട്ടത്തിയേ ഗുര്ര്ര്ര്ര്ര്‍ !!!