Powered By Blogger

Monday, 3 March 2014

കേട്ടതും കണ്ടതും




മാര്‍ച്ച്‌ ആയിട്ടെ ഉള്ളു. നല്ല പൊള്ളുന്ന വെയില്‍. ഞാന്‍ ഒരു വശത്തേക്ക് മാറി നിന്നു. ചൂടിനു ഒരു ശമനവുമില്ല. റോഡിന്നപ്പുറത്ത്, പറമ്പില്‍, കുറച്ച്‌ പരിചയക്കാര്‍ നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ക്കൊപ്പം കൂടി. ചെറിയൊരു വാഴത്തോട്ടം. ഒരാള്‍ക്കുള്ള തണലില്‍ നില്‍പ്പുറപ്പിച്ചു. പരിസരത്തെവിടന്നോ ചെണ്ട മേളതിന്റ്റെ കനംക്കുറഞ്ഞ ശബ്ദം കേള്‍ക്കുന്നു. ഒരല്പ്പനേരത്തേക്ക് ആ താളത്തില്‍ ലയിച്ചു പോയി. പരിചയക്കാര്‍ മാറി, നാട്ടുക്കാര്‍ വന്നു നില്‍ക്കുന്നു.

               സ്കോര്‍ എന്തായി? ആരൊക്കെയാ നിക്കുന്നേ?
                        അവസാനം കണ്ടപ്പോ, കൊഹ്ളിയും, രഹാനെയുമായിരുന്നു...
               അപ്പൊ മാറ്റവോന്നുമില്ലല്ലേ......അവര് നിന്നാ മതി....
                         കൊഹ്ളി സെഞ്ച്വറി അടിച്ചക്കണ്ടായിരുന്നോ?
              പിന്നെയും അടിച്ചാ? പയ്യന്‍ കലക്കും.....കണ്ടോ....

പറമ്പില്‍ തിരക്കേറി തുടങ്ങിയപ്പോ ഞാന്‍ അടുത്ത സ്ഥലത്തേക്ക് മാറി. റോഡിലേക്ക്. കാര്യങ്ങളൊക്കെ കുറച്ച്‌ വ്യക്തമായി കാണാന്നും പറ്റുമായിരുന്നു.

                ഇപ്പൊ എവിടാ?
                          തൃശ്ശൂരാ. ഇന്ന് അവധിയായതുകൊണ്ട്........
                ഇങ്ങോട്ടൊന്നും മാറ്റം കിട്ടുകേല അല്ലെ?
                          രണ്ട് വര്‍ഷമെങ്കിലും എടുക്കും. ഇപ്പൊ അവിടെയാ സുഖം.
                 എന്നാ പിന്നെ അതാ നല്ലത് കേട്ടോ.

കുറച്ചു നാളുകള്‍ക്ക് ശേഷം കാണുന്നവരുടെ കുശലം പറച്ചിലിനെടയില്‍ നിന്നും ഞാന്‍ പതുക്കെ മാറി. പെട്ടികടയുടെ മുന്നില്‍ ഇട്ടിരിക്കുന്ന മേശയില്‍ ഇരുന്നു. കൂടെ വന്നവന്‍ ദാഹം തീര്‍ക്കുന്നു. ഗോലി സോടയിലൂടെ ഞാനും ദാഹം തീര്‍ത്തു. സമയം മൂന്നിനോട് അടുക്കുന്നു.

                 ഇന്നലെ ഒരു മുറ്റ് പണിക്കിട്ടി, കേട്ടോ....
                           എന്നതാ?
                 ആ പടം സെക്കന്റ്‌ഷോ പോയി കണ്ടു....എന്നാ വളിപ്പാ...ഹൊ...
                           ഞാന്‍ അന്നേരം പറഞ്ഞതാനെ...കേക്കെയേലാ...
                  ആ ചെക്കന് ഇത് എന്നാ പറ്റിയതാനാ...അവാര്‍ടിനായിരിക്കും

തിരക്കേറിത്തുടങ്ങി. ആളുകള്‍ വന്നുകൊണ്ടേയിരിക്കുന്നു. ചൂട് പെട്ടെന്ന് കൂടിയതുപ്പോലെ. മഴക്കോള്‍ മണത്തുതുടങ്ങി. എഴുനേറ്റ് മുന്നോട്ട് നടന്നുതുടങ്ങി. ചുറ്റും ഒരു മൌനവലയം തീര്‍ത്തപ്പോലെ. അടുത്തെത്താറായപ്പോഴേക്കും അത്  കേട്ടു...............കൂട്ടക്കരച്ചില്‍. ബന്ധങ്ങളുടെ, വേര്‍പ്പാടിന്റ്റെ, നഷ്ടപ്പെടലിന്റ്റെ കരച്ചില്‍.

കുഴിയിലേക്കെടുക്കുoമുമ്പ് കേള്‍ക്കുന്ന ജീവതാളം.
മരണം എന്ന സത്യത്തിനു മുന്നിലെ കീഴടങ്ങല്‍.