Powered By Blogger

Saturday, 14 January 2017

ദേശിയഗാനവും മണിചെറുക്കനും



സാധാരണയായി സമൂഹത്തിലെ ചൂടന്‍ സംഭവങ്ങളും, വാര്‍ത്തകളും എല്ലാം ഞങ്ങള്‍ വീട്ടില്‍ ചര്‍ച്ച ചെയ്യാറുണ്ട്. കരുണാകരന്‍റ്റെ ഗുരുവായൂര്‍ സന്ദര്‍ശനവും, നായന്നാരുടെ നര്‍മ്മങ്ങളും, പി.ടി. ഉഷയുടെ ഓട്ടവും, മമ്മൂട്ടിയുടെ ഗ്ലാമറും, മോഹന്‍ലാലിന്റ്റെ തടിയും, കോടികള്‍ വിലവരുന്ന കാറുകളെ കുറിച്ചും, റിമി ടോമിയുടെ വര്‍ത്തമാനവും, മഞ്ചു വാരിയരിന്റ്റെ അഭിനയവും, മുകളിലേക്ക് വിക്ഷേപിക്കുന്ന സാറ്റല്യ്റ്റുകള്‍ എവിടെ ചെന്ന് നിക്കും എന്നും, സരിത നായരിന്റ്റെ സാരിയും, നയാഗ്ര വെള്ളചാട്ടവും, ഒബാമ എപ്പോഴും ഭാര്യയെ കൂടെ കൊണ്ടുനടക്കുന്നതും,...വിഷയങ്ങള്‍ ഇനിയും ബാക്കി.

ഇത്, മറ്റൊരു നൊസ്റ്റാല്‍ജിക് സംഭവം. അമ്മ വിവരിച്ച പ്രകാരം, ഞാന്‍ എഴുതുന്നു.

1956 കാലം. സാധാരണയായി, ഞങ്ങളെ ഒന്നാം ക്ലാസ്സ്‌ പരീക്ഷയുടെ നാലോ അഞ്ചോ ദിവസം മുമ്പ് മാത്രമാണ് സ്കൂളില്‍ ചേര്‍ക്കുക. കാരണങ്ങള്‍ പലതാണ്. പ്രധാനമായും സാമ്പത്തികം. പിന്നെ, അഞ്ചോ ആറോ കിലോമീറ്റര്‍ നടക്കണം, സ്കൂളിലേക്ക്. അത്രെയും ദിവസം വീട്ടില്‍ ഇരുത്തി പഠിപ്പിക്കും. അങ്ങിനെ സ്കൂളില്‍ പോകാനുള്ള എന്‍റെ ഊഴം എത്തി. എന്‍റെ കയ്യില്‍ ഒരു കടലാസ് തന്നിട്ട് അച്ഛന്‍ പറഞ്ഞു, ഇത് നീ H.Mന്‍റ്റെ കയ്യില്‍ കൊടുക്കുക. ഞാനും കൂട്ടുകാരും നടത്തം തുടങ്ങി. വഴിനീളേ ആദ്യ ദിവസത്തെ കുറിച്ചുള്ള സ്വപ്നങ്ങള്‍ മാത്രമായിരുന്നു. സ്കൂളില്‍ എത്തി. ക്ലാസ് മുറിയില്‍ കയറി ഇരുന്നു.  ടീച്ചര്‍ എത്തിയിട്ടില്ല. അവസാനത്തെ ബെഞ്ചില്‍ സീറ്റ്‌ കിട്ടി. ഒരറ്റത്തായി ഞാന്‍ ഇരുന്നു. H.M നടന്നുവരുന്നത് കണ്ടു. ദേശിയ ഗാനം പാടുന്നതിനുള്ള മണിയടിച്ചു. ക്ലാസ്സിലെ മറ്റു കുട്ടികളെ പോലെ ഞാനും എഴുനേറ്റ് നിന്നു. ദേശിയ ഗാനം തീരുന്നതും ക്ലാസ്സിനുള്ളില്‍ നിന്നും ഒരു നീണ്ട കൂവലും ഒരുമിച്ചായിരുന്നു. ദേശിയ ഗാനവും കൂവലും ഒരേ സമയത്ത് അവസാനിച്ചു.

തന്റ്റെ കയ്യിലുണ്ടായിരുന്ന, നീളന്‍ ചൂരല്‍ മുന്നില്‍ കാണിച്ചുക്കൊണ്ട് H.M ക്ലാസ്സിലോട്ട് കയറി. കൂവിയത് ആരാണെന്ന് അവര്‍ തിരക്കി. ക്ലാസ്സ്‌ നിശബ്ദം. കയ്യിലുള്ള ചൂരല്‍ ഒന്ന് വീശി ചോതിച്ചപ്പോള്‍, ബെഞ്ചിന്‍റ്റെ മറ്റേ അറ്റത്തില്‍ ഇരുന്ന, ഒരു തോര്‍ത്തുമുണ്ട് മാത്രം ഉടുത്തിരുന്ന ചെക്കന്‍ എന്‍റ്റെ നേര്‍ക്ക് വിരല്‍ ചൂണ്ടി. കയ്യ് നീട്ടാന്‍ പറഞ്ഞിട്ട് രണ്ട് അടി. വിങ്ങിപ്പൊട്ടി ഞാന്‍. ആദ്യ ദിവസത്തെകുറിച്ചുള്ള സ്വപ്നങ്ങള്‍ എല്ലാം ആ വിങ്ങിപ്പോട്ടലില്‍ അലിഞ്ഞുപ്പോയി. ആദ്യ ദിവസത്തില്‍ തന്നെ ചെയ്യാത്ത കുറ്റത്തിന് ശിക്ഷ.

അടി വാങ്ങാനായി കയ്യ് നീട്ടിയപ്പോള്‍ താഴെ വീണ ആ കടലാസ്, H.M കണ്ടു. എന്നോട് അത് എടുത്ത് കൊടുക്കാന്‍ ആവശ്യപെട്ടു. വിങ്ങിപ്പോട്ടിക്കൊണ്ട് ആ കടലാസ്സ്‌ എടുത്തു അവരെ ഏല്പിച്ചു. H.M അത് വായിച്ചതും, അവരുടെ മുഖത്ത് ഒരു സഹതാപ ഭാവം ഞാന്‍ കണ്ടു. എന്നിട്ട്, അവര്‍ എന്‍റ്റെ തോളില്‍ത്തട്ടി ചോതിച്ചു, കുട്ടി, ഗണപതി സാറിന്‍റ്റെ മകളാ? എന്നിട്ടെന്താ കുട്ടി അത് നേരത്തെ പറയാത്തെ?

തിരിച്ചു വീട്ടിലേക്ക് മടങ്ങും വഴി മറ്റൊരു കാര്യം മനസ്സിലായി. എന്‍റെ ബെഞ്ചിന്‍റ്റെ മറ്റേ അറ്റത്തിരുന്ന, എന്നെ ചൂണ്ടി കാണിച്ചുകൊടുത്ത ആ തോര്‍ത്തുമുണ്ട് മാത്രം ഉടുത്ത ചെക്കന്‍, ഒന്നാം ക്ലാസ്സിലെ ഗുണ്ടയായിരുന്നു എന്ന്, പേര്, മണിചെറുക്കന്‍!!!

അടുത്ത വര്‍ഷം, രണ്ടാം ക്ലാസ്സിലേക്ക് പോകും വഴി മഴ പെയ്തു. പുത്തന്‍ ഉടുപ്പ് നനഞ്ഞു കുതിര്‍ന്നു. സ്കൂളില്‍ എത്തി. എന്‍റെ കണ്ണുകള്‍ മണിചെറുക്കനെ തിരഞ്ഞുക്കൊണ്ടിരുന്നു. സംഗതി മനസ്സിലായ ഒരു കൂട്ടുകാരി അടുത്തു വന്ന് പറഞ്ഞു, അവന്‍ പഠിത്തം നിര്‍ത്തിയെന്ന്. ഞാന്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി.

ഇപ്പോള്‍ ആ സ്കൂള്‍ പഞ്ചായത്ത് ഓഫീസാണ്. വീട്ടിലേക്ക് പോകുമ്പോള്‍ എല്ലാം സ്കൂളിന്‍റ്റെ അടുത്തെത്തുമ്പോള്‍ തോര്‍ത്തുടുത്ത മണിചെറുക്കനെ ഓര്‍ക്കും. പേടിയോടെ.

( ഇപ്പോഴല്ലേ ഗുട്ടന്‍സ് പിടിക്കിട്ടിയത്‌. ഇപ്പോഴത്തെ ദേശിയ ഗാനത്തെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ ചൂടുപ്പിടിക്കുമ്പോഴും, അമ്മ ഒരക്ഷരം മിണ്ടിയിട്ടില്ല. പോട്ടെ, മിനിമം എന്താണ് ഇഷ്യൂ എന്നുപ്പോലും ചോതിച്ചിട്ടില്ല.............)