ഫോര്‍ട്ട് കൊച്ചിയും, മട്ടാഞ്ചേരിയും ലോക പ്രശസ്തിയാര്‍ജിച്ച്ച സ്ഥലങ്ങളാണ്. പാറശാല മുതല്‍ മഞ്ചേശ്വരം വരെ നീണ്ടു കിടക്കുന്ന നമ്മുടെ കേരനാടിനെ ലോക ഭൂപടത്തില്‍ ഒരു സ്ഥാനം നല്‍കിയതില്‍ ഈ രണ്ട് സ്ഥലങ്ങള്‍ക്ക് വല്യ പങ്കുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു. "അനുഭവങ്ങള്‍ പാളിച്ചകള്‍" എന്ന സിനിമയിലെ "പ്രവാചകന്മാരെ പറയു പ്രഭാതമകലെ ആണോ" എന്നാ ഗാനത്തില്‍ സത്യന്‍ മാഷ് നടന്നുപ്പോവുന്ന കൊച്ചി അല്ല ഇപ്പൊ. മുപ്പത്താറ് വര്‍ഷങ്ങള്‍ക്കു ശേഷം "കൊച്ചി പഴയ കൊച്ചി അല്ല" എന്ന് മമ്മൂക്ക പറഞ്ഞെങ്കിലും, അതിലും എത്രെയോ മാറിക്കഴിഞ്ഞു.
മാറ്റങ്ങള്‍ നല്ലതാണ്. അതിന്റ്റെ ഭാഗമാണോ എന്നറിയില്ല, കുറച്ചു നാളായി ശ്രദ്ധിച്ചു തുടങ്ങിയിട്ട്, ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി മാത്രമല്ല, ഏറണാകുളത്തും പരിസരത്തും ഒക്കെ ഞാന്‍ കാണുനുണ്ടായിരുന്നു അതിന്റ്റെ അടയാളങ്ങള്‍. ഓട്ടോ റിക്ഷയുടെ പുറകില്‍, ഫ്ലെക്സ് ബോര്‍ഡില്‍, ടി ഷര്‍ട്ടുകളില്‍, മതിലുകളില്‍, ചായ പീടികകളില്‍ - പഴയതും, ന്യൂ ജെന്നും !!! തൊപ്പികളില്‍, ചായ കോപ്പകളില്‍, ബസ്സിന്റ്റെ പിന്നില്‍, സമര പന്തലുകളില്‍ അങ്ങിനെ പോകുന്നു ലിസ്റ്റ്. മേല്‍പ്പറഞ്ഞ എല്ലാത്തിലും ഞാന്‍ കണ്ടത് "ചെ ഗുവേര" യുടെ തല മാത്രം. ഇതെന്താപ്പോ ഇങ്ങിനെ? ഒരു ചെക്കനെ കണ്ടു. ചെ ഗുവേരയുടെ മുഖം പതിച്ച ഉടുപ്പിട്ട് കട്ടന്‍ അടിക്കുന്നു.
ഞാന്‍ ചോദിച്ചു, ഇതാണോ ഇപ്പോഴത്തെ ട്രെന്‍ഡ്?
ചെക്കന്‍ പറഞ്ഞു, "bro, മച്ചുന് ഒരു freak ലുക്ക് ആണ് "
ഒരു മാര്‍ക്സിസ്റ്റ് വിപ്ലവകാരിയെ വെറും ഒരു ഫ്രീക് ആക്കിമ്മാറ്റിയ നിമിഷം!!! ഒന്ന് മാറിനിന്ന് ആലോചിച്ചപ്പോള്‍, ആ രൂപം മനസ്സില്‍ക്കണ്ടപ്പോള്‍ എനിക്കും തോന്നി - ഫ്രീക് ലുക്ക് ഉണ്ടെന്ന്. ആ കണ്ണും, കുറ്റിതാടിയും, സിഗാറും, തൊപ്പിടെ രീതിയും...മൊത്തത്തില്‍ ഒരു "heavy" ലുക്കാണ് buddy !!! കൊച്ചി ഇപ്പൊ സംസാരിക്കുന്നത് "honey bee" നിഖണ്ടു പ്രകാരമാണ്. പിള്ളാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇന്നത്തേത് ഒരു "snapshot" യുഗമായിട്ടാണ് ഞാന്‍ കാണുന്നത്. ഉള്ളടക്കം അറിയാന്‍ സമയമില്ലാത്ത ഒരു യുഗം. സമയം, സമയമാണ് എല്ലാ മാറ്റത്തിനും സാക്ഷി.
ചരിത്രം, ചെ ഗുവേരയെ വിശേഷിപ്പിക്കുന്നത് ഒരു കാലഘട്ടത്തിന്റ്റെ, ഒരു സംസ്കാരത്തിന്റ്റെ, ഒരു മാറ്റ വിപ്ലവത്തിന്റ്റെ ഒക്കെ പ്രതീകമ്മായ ഒരു ആളായിട്ടാണ്. ഇന്നും ലോകമെമ്പാടും അതുത്തന്നെയാണ് വിശേഷണം. ഈ ചരിത്ര നായകനെ, ഇന്നത്തെ കാലത്ത് ജനപ്രിയന്‍ ആക്കിയത് നുമ്മട കൊച്ചിക്കാരാണ് എന്ന് ഭാവിയില്‍ ചരിത്രം പറയുവായിരിക്കും.
ആയിരത്തി തൊള്ളായിരത്തി അറുപത്തി ഏഴില്‍, ഒക്ടോബര്‍ മാസത്തിലെ ഒമ്പതാം ദിവസം , തൃശ്ശൂരുക്കാര്‍ പറഞ്ഞിട്ടിണ്ടാവും....
" ഗഡിയെ, മ്മടെ 'ചെ' പടായിട്ടാ!!!! "
