Powered By Blogger

Tuesday, 27 January 2015

രസമുകുളങ്ങള്‍




ജീവിക്കാന്‍ വേണ്ടി കഴിക്കണോ, അതോ കഴിക്കാന്‍ വേണ്ടി ജീവിക്കുന്നോ എന്നതൊക്കെ ഒരു സംവാദത്തിന് കൊള്ളാം. “ഫുഡ്...ഫുഡ്....ഫുഡ്....ഈ ഒറ്റവിചാരുള്ലോ”, എന്ന് ഒരു സിനിമയില്‍ ഇന്നസന്‍റ് ചോദിക്കുന്നുണ്ട്. സത്യമാണ്, ഫുഡിന്ന് തന്നെയാണ് മുന്‍ഗണന. ഭക്ഷണം കഴിക്കുന്നതിലല്ലാ, അതെത്രത്തോളം രുചിച്ചു കഴിക്കുന്നു എന്നതാണ് ഭക്ഷണശാസ്ത്രം.

പാലക്കാട്‌, വിക്ടോറിയ കോളേജിന്റ്റെ പുറകിലുള്ള വഴിയിലൂടെ പോകുമ്പോള്‍, ഇടതുഭാഗത്ത് ഒരു ചെറിയ ഒറ്റ മുറി കടയുണ്ട്. രണ്ട് മേശയും, രണ്ട് ബെഞ്ചും. പട്ടരുടെ തന്നെ. രാവിലെ ഒരു ഒന്‍പതുമണിക്ക് മുമ്പ് ചെല്ലണം. നല്ല മൊരുമൊരാനുള്ള ദോശയും, മുളകുപൊടിയും കിട്ടും. ദോശവട്ടം ഇത്തിരി ചെറുതാണ്. ചൂട് കാരണം ആദ്യത്തെ ഒന്നുരണ്ട് കഷണം കഴിക്കാന്‍ പാടാണ്. ആ ചൂട് നാക്കില്‍ പിടിച്ചു കഴിഞ്ഞാല്‍ പിന്നെ ഒരു അഞ്ചെണ്ണം ഈസിയായി കേറും. മുളകുപ്പൊടിക്ക് എരുവ് ലേശം കൂടുതലാണ്, അവിടെ കിട്ടുന്ന ആ ഡബിള്‍ സ്ട്രോങ്ങ്‌ ഫില്‍ട്ടര്‍ കാപ്പി കുടിക്കുമ്പോ നാവില്‍ ഉണ്ടാവുന്ന ആ ഒരു പൊള്ളല്‍, അതിലാണ് ആ രുചിവൃത്തം പൂര്‍ണമ്മാകുന്നത്. തൃശ്ശൂര്, ഉച്ചയൂണ് കിട്ടുന്ന ഒരു സ്ഥലമുണ്ട്. ചെറുപ്പൂരത്തിന്റ്റെ തിരക്കാണ്. ഇലയിലാണ് ഊണ്. ആവി പറക്കണ കുത്തരിചോറും, സാമ്പാറും, അവിയലും, മെഴുക്കുവരട്ടിയും, തോരന്നും, പപ്പടവും, രസം, മോരും, അചാറും. കഴിച്ചു കഴിഞ്ഞ് ഇലയെടുക്കുമ്പോ സൂക്ഷിക്കണം. പിന്നില് ആളോള് നിപ്പുണ്ടാവും, ഇരിക്കാന്‍. വയ്കുന്നേരത്തെ ചെറുകടിക്ക് പറ്റിയ സ്ഥലം, കോഴിക്കോടാണ്. സൈനുതാത്തായുടെ ഹോട്ടല്‍. ഉമ്മര്‍ത്തെ ആ വല്യ വട്ട മേശയില്‍ കടികള്‍ കാഴ്ച്ചവെച്ചിരിക്കുനത് കാണേണ്ടതാണ്. നെയ്യപ്പോം, ഉന്നക്കായും, ബീഫ് പത്തിരിം, ചട്ടി പത്തിരിം, പാല്‍ ചായയും. പാല്‍ എന്ന് പറയുന്നതാവും ഉചിതം!!!

തിരുവനന്തപുരത്ത്, അത്താഴത്തിന് പറ്റിയ രണ്ട് ഞെരിപ്പന്‍ സ്പോട്ടുകളുണ്ട്. ആദ്യത്തേത്, അഞ്ജലി തിയറ്റരിന്റ്റെ അടുത്തുള്ള ഇഡലി കട. ഓര്‍മ ശെരിയാണെങ്കില്‍, രാത്രി ഒരു എട്ടുമണിയോടുക്കൂടിയെ തുറക്കു. ചൂടുള്ള ഇഡലിയും, കൂടെ സാമ്പാറും, ചമ്മന്തിയും പിന്നെ അവരുടെ സ്പെഷ്യല്‍ മുളക് ചട്ട്ണിയും. ഈ മൂന്നിന്റ്റെയും ചേര്‍ന്നുള്ള എരിവ്, നമ്മുടെ അകത്തുള്ള സ്പിരിറ്റില്‍ ചേരുമ്പോള്‍, അകത്തേക്ക് പോകുന്ന ഇഡലികളുടെ എണ്ണം കൂടും. അധികവും നിപ്പനാണ് കഴിപ്പ്‌. രണ്ടാമത്തേത്‌, കിഴക്കേ കോട്ട കഴിഞ്ഞ് മുന്നോട്ട് പോകുമ്പോള്‍, ഹോട്ടല്‍ ബുഹാരി.  രാത്രി ഒരു പത്തുമണിക്ക് ശേഷവും നല്ല തിരക്കാണ്. ഇളം തേങ്ങ ചിരണ്ടിയിട്ട പുട്ടും, മട്ടന്‍ കറിയും കൊണ്ട് പോകുന്നത് കാണുമ്പോള്‍, വിശപ്പ്‌ സഹിച്ച് ഊഴം കാത്തുനില്‍ക്കുന്നവര്‍ക്ക് വേറെ എവിടെയെങ്കിലും പോയിക്കൂടെ എന്ന് തോന്നല്‍ ഉണ്ടായാല്‍, ഇത് കഴിക്കുമ്പോള്‍ ആ തോന്നല്‍ മാറിക്കിട്ടും. ഒന്ന് പിടിക്കുമ്പോഴേക്കും പൊട്ടും. അത്ര സോഫ്റ്റാനു ബുഹാരി പുട്ട്. നല്ല മൊന്ജുള്ള ബിരിയാണി കിട്ടും, കോഴിക്കോട്ടെ ബോംബെ ഹോട്ടലില്‍. കോണിപ്പടി കയറി മുകളില്‍ എത്തുമ്പോള്‍ കേള്‍ക്കാം, ആട്, കോഴി, ബീഫ്... ആട്, കോഴി, ബീഫ് എന്നിങ്ങനെ പറഞ്ഞോണ്ട് വരും നമ്മുടെ ടേബിളില്ലേക്ക്. കൂടെ സലാഡും, പപ്പടവും, കാരക്കാ അച്ചാറും. പിന്നൊരു സുലൈമ്മാനിയും. തൃശ്ശൂരുള്ള ഭാരത് ഹോട്ടല്ലില്‍, രാവിലെ കിട്ടുന്ന പൂരിയും കിഴങ്ങുക്കറിയും, ചട്ട്ണിയും, എല്ലാം കഴിഞ്ഞ് ഒരു സ്ട്രോങ്ങ്‌ ഫില്‍റ്റര്‍ കാപ്പിയും. ഒരു വെല്ല്യ കുമിള പോലെയിരിക്കും ഇവിടുത്തെ പൂരി. ഒന്ന് തൊടുമ്പോഴേക്കും, പൂരി ഫ്ലാറ്റ്. ഒരു പക്ഷെ ആ ദിവസത്തെ ഏറ്റവും നല്ല കാര്യം, പ്രഭാത ഭക്ഷണം തന്നെയായിരിക്കും. ആപ്പവും മുട്ടക്കറിയും, ഇതിന്റ്റെ രുചി ഒരു ഒന്നൊന്നര തന്നെ. ആലപ്പുഴ ജില്ലയിലെ, തോട്ടപ്പിളിയില്‍, കല്‍പ്പകവാടി ഹോട്ടലില്‍. നല്ല പഞ്ഞി പോലെ മൃദുലമായ ആപ്പമാണ്  ഇവിടുത്തേത്. 

കേരളത്തിന്‍റ്റെ പല ദിക്കുകളിലും, ഇതില്‍ പറഞ്ഞിട്ടില്ലാത്ത ഒത്തിരി വ്യ്യവിധ്യമായ ഭക്ഷണവും,  രുചിക്കൂട്ടും, ഹോട്ടലുകളും എല്ലാം ഉണ്ടെന്നറിയാം. പാരഗന്‍, ബ്രതെര്‍സ്, സല്‍വ ഡയിന്‍, അമ്മ മെസ്സ്, കരിമ്പിന്‍ക്കാല, മണീസ് കഫെ, പാളയം തട്ട്, റപ്പായീസ്.....ഇവിടുത്തെ രുചികള്‍ എന്നും നാവില്‍ വെള്ളംമൂറിക്കുന്നതാണ്.

സാമ്പാറിന്റ്റെയും, പപ്പടം കാച്ചുന്നതിന്റ്റെയും മണം, ഒരു മതില്‍ വെത്യാസത്തിലുള്ള കാന്റീനില്‍ നിന്നും ക്ലാസ്സ്‌ മുറിയിലൂടെ കടന്നു പോകുമ്പോള്‍, ഞങ്ങളുടെ കയ്യ്കള്‍ ഡെസ്കിനുള്ളില്ലേ ലഞ്ച് ബോക്സില്‍ വീഴും. അത് തുറക്കുമ്പോള്‍, ലഞ്ച് ബോക്സില്‍ ശ്വാസം മുട്ടി ഇരിക്കുന്ന ദോശയുടെയും, ചപ്പാത്തിയുടെയും, അപ്പത്തിന്റ്റെയും, കടലക്കറിയും, ഗ്രീന്‍ പീസും, മുളകുപൊടിയുടെയുമൊക്കെ മണംകൊണ്ട് ക്ലാസ്സ്‌ മുറി നിറയുമ്പോള്‍,

ന്‍റ്റെ സാറേ...പിന്നെ....ചുറ്റുവുള്ളതൊന്നും കാണാന്‍ പറ്റൂല...!!!

Wednesday, 14 January 2015

അരമന വിശേഷം




എറണാകുളം കഴിഞ്ഞാല്‍, ഞാന്‍ ഇഷ്ടപ്പെടുന്ന സ്ഥലങ്ങളാണ് കോഴിക്കോടും, തൃശ്ശൂരും. കോഴിക്കൊടിന്റ്റെ നന്മയും, തൃശ്ശുരിന്റ്റെ നര്‍മവും അനുഭവിച്ചറിയേണ്ടതാണ്. ഇതിലിപ്പമ്മടെ തൃശ്ശൂരന്നെ സ്പോട്ട്.

ഭാരതീന്ന് ഉച്ചയൂണ് കഴിച്ച് റൌണ്ടിലൂടെ ങ്ങനെ നടന്നു. ക്ടാങ്ങള് നല്ല സ്റ്റൈല്‍ലായിട്ട്ണ്ട്. തിരുവംബാടിയും, പാറമേക്കാവും, വടക്കുന്നാതനും പ്രസാധിച്ച മലയാളി മുഖങ്ങള്‍. പൂരട്ക്കാറായി. നടുവിലാല്ല് ഒരുങ്ങ്യായ്. ചൂട് ഒരുജാതിയിഷ്ഠ, ഹൌ. ഇക്കണ്ട കാഴ്ചോള്‍ കണ്ട് മ്മടെ ഓഫീസിലെത്തി.

ങ്ങനിരിക്കുമ്പോലണ്ട്, മ്മടെ ഫോണ്‍ റിങ്ങായി. ഒരുജാതി റിംഗ്ടോണ്‍ ആണ് മ്മടേയ്. കെച്ചപ്പ് സോങ്ങ്! മ്മള് അപ്പത്തന്നെ പൊറത്തേക്ക് ചാലായി. ന്‍റെ ഗടിയാ വിളിച്ചേ. ഔട്ട്‌ഗോയിങ്ങ്നു മൂന്നര റൂപ്പിക ഇള്ളപ്പ്ഴേയ്. കമ്പനീടെ ആവുമ്പോ പെടക്ക്യതന്നെന്നാവും. ആള് തൃശ്ശൂരിണ്ട്ത്രേ. മടക്കം ഒരുമ്മിചാവാന്ന്. മ്മളും ഹാപ്പി. റെയില്‍വേ സ്റ്റേഷന്‍റ്റെ മുന്നില്‍ കാണാന്നായി, ഷാര്‍പ്പ് ഫൈവ് തേര്‍ട്ടിക്ക്. 

ഷാര്‍പ്പ് ടയ്മിന് ഞങ്ങളെത്തി. പക്ഷെ വണ്ടി ലേയ്റ്റ്, അര മണിക്കൂറിന്. ബെസ്സിന്നു വിട്ടാല്ലോന്ന്‍ പ്ലാന്‍ ചെയ്ത് വെളീല്‍ക്ക് നടന്നു. അപ്പധാണ്ടേ വഴി തെറ്റിക്കാനായിട്ട് നേരെ മുമ്പില് ആ മൂന്നക്ഷരേ, ബാറ്. മ്മടെ അരമനേയ്. നിക്കണ്ണ തൃശ്ശൂര്, മുന്നിലോ ബാറ്. ജയക്രിഷ്ണന്റ്റെ രീതീല്ല് തന്നെ മ്മടെ ഗഡി അത് ചോതിച്ചു.

    ...മക്ക് ഓരോ ബിയറങ്ങ് കാച്ചിയാലോ?”

തേര്‍ട്ടി മിനിറ്റ്സ് ഇണ്ട്. അകത്ത് നല്ല തെരക്കും. നേരെ പോയി കൌണ്ടറീക്ക്. ആള് മ്മടെ അടുക്കെ വന്നു. മ്മള് ചോയിച്ചു...

    “ ഡേവിടെട്ടാ...കിംഗ്‌ഫിഷറിണ്ടാ..ചില്‍ഡ്...”

നല്ല ചില്‍ഡ് സാനായ്ര്‍ന്ന്‍. എറങ്ങിപ്പോയ വഴീണ്ടല്ലാ...ഹൌ....രണ്ടാമതും ഒന്ന് പെടച്ചു. വാചീല്‍ക്ക് നോക്കിയപ്പോ അഞ്ചു മിനിറ്റിണ്ട്. സെറ്റില്‍ ചെയ്ത് ചാലായി. വണ്ടി കൂവണ കേട്ട്, സ്പീഡില് നടന്നു. ഗഡി മുന്നീക്കൂടി പോയി ടിക്കറ്റ്‌ എടുക്കാന്നായി. മ്മള് സേയ്ടിക്കൂടി പ്ലാറ്റ്ഫോമ്മില്‍ക്കിം. മ്മള് പ്ലാറ്റ്ഫോമ്മീല് ത്തീപ്പോ, ഗഡി മ്മളെ നോക്കിന്നിക്കേയ്. രണ്ടാളും കാണണ കാഴ്ചേയ്, വണ്ടി പ്ലാറ്റ്ഫോം വിട്ട് പോവായ്. എയ്യ്....വണ്ടി പോയീന്ന്. ഇനീപ്പോ ബെസ്സിന്നു പൂവാന്നായി. റോഡ്‌ മുറിച്ച് കടക്കണോന്നേളൂ. 

വീണ്ടും വെളീല്‍ക്ക് നടന്നു. വീണ്ടും ആ മൂന്നക്ഷരേ.

” ഡേവിടെട്ടാ.....കിംഗ്‌ഫിഷര്‍.....ചില്‍ഡ്...രണ്ടണ്ണട്ടാ..............”

Monday, 5 January 2015

മുഖംമ്മൂടികള്‍

മുഖംമ്മൂടി. സ്വന്തം മുഖം മറ്റൊരു മുഖമ്മായി മാറാന്‍ സഹായിക്കുന്ന ഒരു താല്‍ക്കാലിക വസ്തു. നമ്മുടെ കുട്ടിക്കാലത്ത്, നമ്മളെ  കളിപ്പിക്കാനും, ചിരിപ്പിക്കാനുമൊക്കെ മുതിര്‍ന്നവര്‍ ഇട്ടിരുന്നു, കോമാളി മുഖമ്മൂടികള്‍. പിന്നീട്, നമ്മള്‍ കൂട്ടുകാരെ പേടിപ്പിക്കാന്‍ ധരിക്കുന്നവയും, നമ്മള്‍ വലുതായപ്പോള്‍, ആഘോഷങ്ങളിലും മറ്റും ഉപയോഗിക്കുകയും, പിന്നീട് നമ്മുടെ കുട്ടികളെ കളിപ്പിക്കാന്നോക്കെയായി, ഒരു ജീവിതവൃത്തത്തില്‍ പല കാലങ്ങളിലായി നമ്മള്‍ എല്ലാരും ഒരിക്കലെങ്കിലും മുഖംമ്മൂടിയില്‍ ഒളിയാറുണ്ട്. 

സ്ഥിരമ്മായി മുഖമ്മൂടി ധരിച്ചു നടക്കുന്നവര്‍ ഉണ്ട്. നമുക്ക് ചുറ്റും ഇവര്‍ ജീവിക്കുന്നുണ്ടാവാം. നമ്മള്‍ അറിയുകയും, അറിയാത്തതുമ്മാവാം. അവര്‍ ഇത് അറിഞ്ഞും, അറിയാതെയുമായി ജീവിക്കുന്നു. ഇവര്‍ ധരിക്കുന്നത്, താല്‍ക്കാലികമോ, കൃത്രിമമ്മോ ആയിട്ടുള്ള, കടകളിലും, മറ്റും വാങ്ങാന്‍ കിട്ടുന്ന മുഖമ്മൂടികളല്ല. സമൂഹത്തില്‍നിന്നും, ചുറ്റുപ്പാടുകളില്‍ നിന്നും, മനുഷ്യരില്‍ നിന്നും, യാഥാര്‍ത്യങ്ങളില്‍ നിന്നുമ്മൊക്കെ ഒളിഞ്ഞു ജീവിക്കുന്നവര്‍. കാരണങ്ങള്‍, സാഹചര്യങ്ങള്‍, അനുഭവങ്ങള്‍ പലതുമാവാം ഒളിജീവിതതിലെത്തിക്കുന്നത്. 

പുറമേ നിന്ന് കാണാത്ത, ഇത്തരം മുഖംമൂടി ധരിച്ചു നടക്കുന്നവരെ കണ്ടാല്‍ നമുക്ക് തിരിച്ചറിയാന്‍ കഴിയുമോ? നമ്മളത് അഴിച്ചെടുക്കുവാന്‍ ശ്രമിക്കാറുണ്ടോ? അവരെ ജീവിതത്തിന്റ്റെ വെളിച്ചത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ പറ്റുമോ? യാഥാര്‍ത്യങ്ങളുടെ മുന്നില്‍ നിവര്‍ന്നുനിന്നു ജീവിതത്തെ നേരിടാന്‍, ആസ്വദിക്കാന്‍,  ഉള്ളുതുറന്ന് ഒന്ന് ചിരിക്കാന്‍, എല്ലാത്തിനുമുപരി, ഒന്ന് ജീവിക്കാന്‍, ഇവര്‍ തെയ്യാറാന്നെങ്കിലോ? മുഖമ്മൂടിക്കുള്ളിലെ ഇരുട്ടില്‍ നിന്നും, വീര്‍പ്പുമുട്ടുന്ന ജീവനത്തില്‍നിന്നും  ഒരു മോചനം ഇവര്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലോ? മനസ്സുതുറന്ന് ഒന്ന് സംസാരിച്ചാല്‍, കയ്യ്കള്‍ പിടിച്ചുയര്‍ത്തിയാല്‍, മുന്നോട്ടുള്ള യാത്രയില്‍ ഒരു കൂട്ടായിരുന്നാല്‍, ഇവര്‍ സ്വയം വലിച്ചെറിയും, അവരുടെ മുഖമ്മൂടി. 

നമ്മളെക്കൊണ്ട് അവരുടെ മനസ്സ് തുറപ്പിക്കാന്‍ പറ്റില്ലേ? പിടിച്ചുയര്‍ത്തുന്ന കയ്യ്, നമ്മുടെതായിക്കൂടെ? യാത്രയിലെ കൂട്ടുക്കാരന്‍ നമ്മുക്കായിക്കൂടെ? 

ഞാന്‍ ആദ്യമായിട്ട് വെച്ച മുഖംമൂടി ഏതാണെന്ന് അറിയണോ? മായാവി!!!

Thursday, 1 January 2015

കൊച്ചിരസംസ്സ്




കൊച്ചി. കേരളത്തിലെ "മെട്രോ" നഗരം. ഈ നഗരത്തിലെ ചില കാഴ്ച്ചകള്‍, നവരസങ്ങളുമായി ഒന്ന് ഉപമിക്കാനുള്ള ഒരു എളിയ ശ്രമം മാത്രമാണിത്.

ഒരു പകല്‍ മുഴുവന്‍ “വീര”ഭാവത്തില്‍ നഗരവാസികളെ വിയര്‍പ്പുകൊണ്ട് നീരാടിച്ചതിനു ശേഷം നഗര രാവിന്നു മറ്റൊരു വേദി ഒരുക്കികൊണ്ട് സ്വയം ഒന്ന് മുങ്ങികുളിക്കുവാന്‍ ഒരുങ്ങുന്ന സൂര്യ ഭഗവാന്‍.  സന്ധ്യാനേരത്ത്, കൊച്ചി കായലിലെ ഓളങ്ങള്‍ക്ക് നവരസങ്ങളിലെ ശാന്ത ഭാവം. ഇരുകരകളിലേക്ക് സഞ്ചാരം നടത്തുന്ന ബോട്ടിലെ യാത്രക്കാര്‍, എന്നും “അത്ഭുത”ത്തോടെയാണ്‌ കര ചവിട്ടുന്നത് . രസങ്ങള്‍ അധികവും റോഡില്ലേ  യാത്രയിലാണ്. സ്വകാര്യ ബസ്സുകളുടെ വരവിനു ഒരു “രൗദ്ര” ഭാവവും, ട്രാഫിക്‌ പോലീസിന്‍റ്റെ മുന്നില്‍ കരുണ കാത്തുനില്‍കുന്ന ഇരകള്‍, ചുറ്റും നടക്കുന്ന വിശേഷങ്ങള്‍ ഒന്നുംതന്നെ അറിയാതെ മൊബൈല്‍ ഫോണില്‍ “ശ്രിങ്കരി”ക്കുന്ന യുവത്വവും, ഗതാഗത കുരുക്കിലൂടെ ബീബല്സമായ ഒരു അന്തരീക്ഷം സൃഷ്ട്ടിച്ചുകൊണ്ടുള്ള ആമ്ബുലന്‍സ്സിന്റ്റെ വരവും. മാറുന്ന സംസ്കാരങ്ങളോടും, മാറ്റങ്ങളുടെ വേഗതയോടും പൊരുത്തപെടാന്‍ നിര്‍ഭന്തിതരാവുന്നവര്‍ കണ്ണാടിയില്‍ കാണുന്നത്, “ഭയാനക”മായ മുഖമാണ്. ഇതെല്ലാം ഒരു ഹാസ്യ ഭാവത്തില്‍ കണ്ടുക്കൊണ്ട്, നഗര രാവിലേക്ക് തെളിഞ്ഞു വരുന്ന ചന്ദ്രനും.