Powered By Blogger

Saturday, 3 December 2016

ഒരു ഡിമോണിടൈസേഷന്‍ സ്റ്റോറി



രാവിലെ ഓഫീസിലേക്ക് ഇറങ്ങാന്‍ നേരത്താണ് അമ്മ പറഞ്ഞത്, ഉച്ചക്ക് ശേഷം തുണിക്കട വരെ ഒന്ന് പോയാലോ എന്ന് ആലോജിക്കുവാ...ഞാന്‍ പറഞ്ഞു, ശെരി, പൈസ വല്ലതും വേണോ എന്ന് ചോതിച്ചു. അമ്മ പറഞ്ഞു, രണ്ടു ബ്ലൌസ് പീസ്‌ മേടിക്കാനെയുള്ളു...പേഴ്സ്സില്‍ നോക്കിയ്യപ്പോള്‍ ഒരു നൂറും ഒരു രണ്ടായിരവും മാത്രമേ ഉള്ളു. പുത്തന്‍ രണ്ടായിരം എടുത്തു കൊടുത്തു. എടാ ഇത്രയൊന്നും വേണ്ടാ....കൂടിപ്പോയാ ഒരു മുന്നൂറ്, അത് മതി. കയ്യില്‍ ഇതേ ഉള്ളു, ബാക്കി വെച്ചോ എന്ന് പറഞ്ഞു ഞാന്‍ ഓഫീസിലേക്ക് പോയി.

ഒരു നാലുമണി ആയപ്പോള്‍, എന്‍റെ മൊബൈല്‍ അടിക്കുന്നു. “അമ്മ കോളിംഗ്”. കോള്‍ എടുത്തപ്പാടെ,

( കിലുക്കം സിനിമയില്‍ രേവതി ഹോട്ടലില്‍ റൂം ചോതികുന്ന സീന്‍ പോലെ )

“ എടാ ഞാന്‍ രണ്ടായിരത്തിന്റ്റെ നോട്ട് കൊടുത്തു, അയാള്‍ പറയുവാ ബാക്കി തരാന്‍ ചേഞ്ച്‌ ഇല്ലാ, ചേഞ്ച്‌ ഉണ്ടെങ്കില്‍ തരു എന്ന്...ഞാന്‍ പറഞ്ഞു കയ്യില്‍ ഇതേ ഉള്ളു, പിന്നെയുള്ളത് ഓട്ടോ കാശാ...അയാള്‍ ചോതിക്കുവാ മാടത്തിന്റ്റെ കയ്യില്‍ ഡെബിറ്റ് കാര്‍ഡ്‌ ഉണ്ടോ? അല്ലെങ്കില്‍ ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉണ്ടോ എന്നൊക്കെ...അതൊന്നും ഇല്ല എന്ന് പറഞ്ഞപ്പോ അയാള്‍ പറയുവാ മാഡം, മേടിച്ച സാധനം ഇവിടെ ഇരിക്കട്ടെ, പിന്നീട് ചേഞ്ച്‌ കൊണ്ട് വന്നിട്ട് എടുത്തോ എന്ന്....എന്ത് ചെയ്യും? “ ഞാന്‍ പറഞ്ഞു, ശെരി.. ഞാന്‍ വരുമ്പോ മേടിച്ച്ചുക്കൊണ്ട് വരാം.....

രാത്രി വ്യ്കിയാണ് ഞാന്‍ വീട്ടിലെത്തിയത്. തുണിക്കടയില്‍ പോവാനും മറന്നു. അമ്മ പറഞ്ഞു, നാളെ ഞാന്‍ പൊയ്ക്കോളാം. അപ്പോഴാണ്‌ ഞാന്‍ അറിയുന്നത്, ഇരുനൂറ്റി അറുപത് രൂപയ്ക്കാണ് അമ്മ രണ്ടായിരം കൊടുത്തത് എന്ന്. ചേഞ്ച്‌ അമ്മയ്ക്ക് കൊടുത്തു. തീര്‍ന്നില്ല, അമ്മയ്ക്ക് അപ്പൊ അറിയണം, ഈ ഡെബിറ്റ്, ക്രെഡിറ്റ്‌ കാര്‍ഡുകളുടെ കാര്യങ്ങള്‍ എങ്ങിനെയാണെന്ന്!!!! പറഞ്ഞു കൊടുത്തു.

അടുത്ത ദിവസം അമ്മ വീണ്ടും കടയിലേക്ക് പോയി. കയ്യില്‍ ചേഞ്ച്‌ ഉള്ളതിന്റ്റെ ഒരു ചെറിയ അഹങ്കാരം ഉണ്ടേനും. നേരെ കാഷ് കൌണ്ടെറിലേക്ക്. കാശ്, കൌണ്ടെരില്‍ വെച്ചുക്കൊണ്ട്,

( ദി കിംഗ്‌ സിനിമയില്‍ മമ്മൂട്ടി പറയുന്നതുപ്പോലെ, സെന്‍സും സെന്‍സിറ്റീവിറ്റിയും.......)

പലവട്ടം മക്കള്‍ പറഞ്ഞതാ, എന്തിനാ ഈ കടയില്‍ പോകുന്നേ, വേറെ എത്രയോ നല്ല കടകള്‍ ഇല്ലേ എന്നൊക്കെ...പണ്ട് മുതല്‍ക്കേ ഇവിടെന്ന് മേടിച്ച് ശീലമായതുക്കൊണ്ടാ വീണ്ടും വീണ്ടും ഇവിടെക്ക് വരുന്നത്. രാവിലെ മുതല്‍ കട തുറന്നു വെച്ചിട്ട് വയ്കുന്നേരം ആയിട്ടും ചേഞ്ച്‌ ഇല്ലെന്ന് പറഞ്ഞാല്‍ എങ്ങിനെയാ? അതും ഇതുപോലത്തെ കടയില്‍...നിങ്ങള്‍ എന്താ വിചാരിച്ചേ ഞങ്ങളെ പോലെയുള്ള സീനിയര്‍ സിറ്റിസന്‍സ് ഡെബിറ്റ് കാര്‍ഡും ക്രെഡിറ്റ്‌ കാര്‍ഡും കൊണ്ട് നടക്കണം എന്നാണോ? നിങ്ങളുടെ അമ്മമാരൊക്കെ ഈ പറഞ്ഞ കാര്‍ഡും കൊണ്ടാണോ നടക്കുന്നേ? ഈ ഇരുനൂറ്റി അറുപത് രൂപയുടെ കാര്യത്തിന് എനിക്ക് എഴുപത് രൂപ കൂടുതല്‍ ചെലവായി. ഇത് വല്ലതും നിങ്ങള്‍ക്കറിയോ? എവിടെ ഞാന്‍ മേടിച്ച സാധനം, അതിങ്ങ്‌ തരു. പോയിട്ട് വേറെ പണിയുള്ളതാ.....( മീശ മാധവനില്‍, പോലീസ് സ്റ്റ്ഷേന് മുന്നില്‍ സലിംകുമാര്‍ നീളന്‍ ഡയലോഗിന് ശേഷം സോഡാ പൊട്ടിക്കുന്ന ശബ്ദം )

( കമ്മീഷണര്‍ സിനിമയില്‍ ഓര്‍മ്മയുണ്ടോ ഈ മുഖം എന്ന സീന്‍ കഴിഞ്ഞ്  സുരേഷ്ഗോപി നടന്നു പോവുന്നതുപ്പോലെ, കവറും പിടിച്ചുക്കൊണ്ട് കടയുടെ പുറത്തേക്ക്, കടയില്‍ ആളുകള്‍ അമ്മയെ നോക്കി നില്‍ക്കുന്നു.. )

മാസാവസാനം ആയതുകൊണ്ട് ഇന്നും ഞാന്‍ വീട്ടിലെത്തിയപ്പോള്‍ ഒത്തിരി വ്യ്കി. കൃത്യമായി പറഞ്ഞാല്‍, രാത്രി പന്ത്രണ്ടര.

അമ്മയുടെ വക ഒരു ചോദ്യം: എടാ, ഈ Paytm  എന്താ?????
ഞാന്‍ കുടിച്ചുക്കൊണ്ടിരുന്ന വെള്ളം മൂക്കില്‍ കയറി. ഞാന്‍ തിരിഞ്ഞുനോക്കുമ്പോള്‍ കണ്ടത്, ആകാഷയോടെ നെറ്റിയും ചുളിപ്പിച്ചു എന്നെ നോക്കി അമ്മ നില്‍ക്കുന്നു. എന്‍റെ മനസ്സില്‍ ഒരു പാട്ട് കേട്ടുത്തുടങ്ങി. “മാപ്പുനല്‍കു മഹാമതേ മാപ്പുനല്‍കു ഗുണനിധേ....”

Paytm എന്താണ് എന്നൊന്നും ആ സമയത്ത് ഞാന്‍ വിശദീകരിക്കാന്‍ പോയില്ല. പകരം ഞാന്‍ ഒരു ചോദ്യം ചോതിച്ചു,അമ്മയോട്..

അമ്മ ഇന്ന് എവിടെയാ പോയത്?
നമ്മടെ പച്ചകറി കടയില്...
എന്താ മേടിച്ചത്?
ഒഹ്...ഒരു നൂറ് പച്ചമുളക് !!! ഞാന്‍ നൂറിന്‍റ്റെ നോട്ട് കൊടുത്തപ്പോളാണ് അയാള്‍ ചോതിച്ചത്, Paytm ഉണ്ടോ എന്ന്....

ഒരു കാര്യം ഉറപ്പാണ്‌. “മേരെ പ്യാരേ ദേശ് വാസിയോം” ഏറ്റുതുടങ്ങി.

എല്ലാരും മോഡേണ്‍ ആയിത്തുടങ്ങി.
എന്‍റെ അമ്മയും.

Tuesday, 15 November 2016

സ്വാമി ശരണം



ശരണംവിളിയുടെ നാളുകള്‍, വൃതശുദ്ധിയുടെ ദിന രാത്രങ്ങള്‍. അയ്യപ്പന്‍ വിളക്കിന്റ്റെ നിറക്കൂട്ടുകള്‍, കെട്ടുനിറയുടെ ആചാരങ്ങള്‍. കറുപ്പിന്റ്റെയും കാവിയുടെയും മാസങ്ങള്‍. സ്വാമിയേ ശരണമയ്യപ്പ!!!

ഞാന്‍ ആദ്യമായി മല കയറിയത് എന്‍റ്റെ ഏഴാം വയസ്സിലാണ്. അച്ഛനും, അച്ഛന്റ്റെ ഓഫീസ് സുഹൃത്തുകളുടെയും കൂടെ. നാലോ അഞ്ചോ തവണ സംഘത്തിന്റ്റെ ഒപ്പം മല കയറി. പിന്നീട്, തിരക്കുകളും, സൗകര്യങ്ങളും ഒക്കെ കണക്കിലെടുത്തുകൊണ്ട്, മല കയറ്റം ഞങ്ങള്‍ മൂന്ന് പേരിലോതിങ്ങി, അച്ഛനും, അച്ഛന്റ്റെ സുഹൃത്തും, ഞാനും. ഓഫ്‌ സീസണിലെ യാത്ര ആയിരുന്നു മിക്കവാറും. ഓര്‍മ്മ ശെരിയാണെങ്കില്‍, അച്ഛന്‍ നാല്പത്തി രണ്ട് പ്രാവശ്യം പതിനെട്ടാംപടി കയറിയിട്ടുണ്ട്. സ്വാമിയേ ശരണമയ്യപ്പ!!!

അച്ഛന്റ്റെ മരണ ശേഷം, എന്‍റെ ശബരിമല യാത്ര മുടങ്ങി. മനപ്പൂര്‍വമല്ല. പക്ഷെ മുടങ്ങിക്കൊണ്ടിരുന്നു. തടസ്സങ്ങള്‍ എല്ലാം നീങ്ങിത്തുടങ്ങിയപ്പോള്‍, എന്‍റെ പതിനെട്ടാമത്തെ മല കയറ്റത്തിനായി ഞാന്‍ ഒരുങ്ങിത്തുടങ്ങി. ഇക്കുറി, കൂട്ടിന്, എന്‍റെ അമ്മയും ഉണ്ട്. അമ്മയുടെ കന്നി യാത്രയാണ്. കുടുംബത്തിലുള്ളവരോടും, സുഹൃത്തുകളോടും എല്ലാം ഫോണില്‍ വിളിച്ചു പറഞ്ഞുതുടങ്ങിഞാനും പോവുകയാണ്, ഞാനേയ് മല കയറാന്‍ പോണൂ, ഇത്തവണ ഞാനും ഇവന്റ്റെ കൂടെയുണ്ട്...എന്നൊക്കെ....പതിനെട്ടിന്ന്റെ ഗൗരവം സ്വല്‍പ്പം എനിക്കുമുണ്ട് എന്ന് കൂട്ടിക്കോളു. ഞാന്‍ അമ്മയെ ഉപദേശിച്ചു തുടങ്ങി. ഇങ്ങനെ പബ്ലിസിറ്റി കൊടുക്കണോ? പോയി വന്നിട്ട് പറഞ്ഞാ പോരേ? അമ്മ വിചാരിക്കുന്ന പോലെ എളുപ്പമല്ല, ഒന്നുകൂടി ആലോജിച്ചിട്ടു പോരേ എന്നൊക്കെ. ഉത്തരം ഇങ്ങിനെ നീ പോടാ, ഞാന്‍ ദിവസവും നടക്കാന്‍ പോക്കുനില്ലേ, അപ്പൊ മല കയറ്റം എളുപ്പമാവും, നിന്‍റെ വല്യമ്മ പോയില്ലേ, അമ്മായി പോയിവന്നിലെ, അവരേകാളുമൊക്കെ ആരോഗ്യവും ചെറുപ്പവും എനിക്കുണ്ട്സ്വാമിയേ ശരണമയ്യപ്പ!!!

ഓഫ്‌ സീസണാണ്. പമ്പയില്‍ കുളിച്ച്, ഒരു കട്ടനും കുടിച്ച്, മല കയറാന്‍ തുടങ്ങി. ഗണപതി അമ്പലം, കയറിയപ്പോള്‍ത്തന്നെ അമ്മ പാടുപെടും എന്ന് മനസ്സിലായി. അവിടെ ഒന്ന് രണ്ട് ഡോളിക്കാര്‍ നില്‍പ്പുണ്ടായിരുന്നു. ഗണപതി അമ്പലം കഴിഞ്ഞതും അമ്മ ആദ്യത്തെ സുല്‍ ഇട്ടു. വിയര്‍ത്തു തുടങ്ങി അമ്മ. സ്വല്‍പം ഇരുന്നു വിശ്രമിച്ചു. ഒരു ഓറഞ്ച് കഴിച്ച് വീണ്ടും യാത്ര തുടങ്ങി. ഞാന്‍ ചുമ്മാ തിരിഞ്ഞുനോക്കുമ്പോള്‍ ആദ്യം കണ്ട ഡോളിക്കാരില്‍ ഒരാള്‍ ഞങ്ങളുടെ പുറകെ പ്രാഞ്ചി പ്രാഞ്ചി വരുന്നുണ്ട്. ഒരു പത്തടി കൂടി കഴിഞ്ഞപ്പോള്‍, അമ്മ രണ്ടാമത്തെ സുല്‍ ഇട്ടു. ഇക്കുറി നല്ലപോലെ വിയര്‍ത്തിരിക്കുന്നു. അമ്മ ചോതിച്ചു, എടാ ഇനി എത്ര ദൂരം ഉണ്ട്? മൊത്തം ഇങ്ങനെയാണോ? കയറ്റവും ഇറക്കവും ഒക്കെ? ഞാന്‍ പറഞ്ഞു, തുടങ്ങിട്ടെ ഉള്ളു. വേണമെങ്കില്‍, ഡോളി എടുക്കാം. ഇപ്പൊ പറയണം. ഏകദേശം രണ്ടായിരം രൂപയാകും. ഞാന്‍ ഇത് പറഞ്ഞു കഴിഞ്ഞതും, എന്‍റെ പുറകില്‍ നില്‍ക്കുന്നു ഡോളിക്കാരന്‍. അമ്മ വേണ്ടാ എന്ന് പറഞ്ഞു. വീണ്ടും ഒരു പത്തടി കഴിഞ്ഞപ്പോള്‍, മൂന്നാമത്തെ സുല്‍. ഞാനും അമ്മയും തമ്മില്‍ ഭയങ്കര ഡിബെയ്റ്റ്. വെളുപ്പിന് നാല് മണിക്ക്, അതും മലയില്‍ ഇരുന്നുക്കൊണ്ട്. അതിനിടയില്‍ ഞാന്‍ ശ്രദ്ധിച്ചു, കുറച്ചകലെ ഡോളിക്കാരന്‍ ഞങ്ങളെയും നോക്കി നില്‍ക്കുന്നു. ഒടുവില്‍, അയാളെ വിളിച്ച്, ഡോളി സെറ്റപ്പ് ആകി. അമ്മ നല്ല ജോളിയായി മല കയറി. സ്വാമിയേ ശരണമയ്യപ്പ!!!

സുഖദര്‍ശനം. കണ്‍ക്കുളിര്‍ക്കെ അയ്യപ്പനെ കണ്ട്, മാളികപ്പുറദര്‍ശനവും, നെയ്യ് തേങ്ങ എറിയുന്ന ആഴിയും എല്ലാം കണ്ട്, മല ഇറങ്ങി. ഡോളി സഹായം ഇല്ലാതെ തന്നെ അമ്മയും. സ്വാമിയേ ശരണമയ്യപ്പ!!!

അടുത്ത ദിവസം. അമ്മ ഫോണില്‍ സംസാരിക്കുന്നത് ഞാന്‍ മുകളില്‍ നിന്നു കേട്ടു. ശബരിമല ദര്‍ശനം തന്നെ വിഷയം. പലരെയും വിളിച്ചു സംസാരിക്കുന്നുണ്ട്. ഇടയ്ക്ക് ഞാന്‍ കേട്ടു:

അത്ര എളുപ്പമൊന്നും അല്ലായിരുന്നു. നല്ല കുത്തനെയുള്ള കയറ്റവും, കൂര്‍ത്ത കല്ലുകളും, സിമന്‍റ് പരുക്കനും....എപ്പോഴും പോവുന്നവരെ സമ്മതിക്കണം....എന്നൊക്കെ....പിന്നെ അല്പം സ്വരം താഴ്ത്തി, “അവന് ഇടയ്ക്ക് ദേഷ്യം വന്നു...ആദ്യമേ ഡോളി എടുക്കണം എന്ന് എനിക്കുണ്ടായിരുന്നു....കാശ് കേട്ടപ്പോ വേണ്ടാന്ന് വെച്ചു....പിന്നീട് അതെടുത്തു.....

അവസാനം ഇങ്ങനെ, സാദാരണ ശബ്ദത്തില്‍....അമ്മ പറയുന്നത് ഞാന്‍ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു.....

എടി, എനിക്ക് ഒരടി മുമ്പോട്ട്‌ വെക്കാന്‍ പറ്റിലായിരുന്നു... സങ്കടവും, ദേഷ്യവും, പേടിയും എല്ലാം ഒരുമ്മിച്ചു വന്നു. കൂറ്റാക്കൂരിരുട്ടും. ചുറ്റും വിജനം. ഇനി എന്ത് ചെയ്യും, ഒത്തിരി ആഗ്രഹിച്ച ഒരു യാത്രയാണ് ഇത്, പൂര്‍ത്തികരിക്കാന്‍ പറ്റുമെന്ന് തോന്നുനില്ല എന്നൊക്കെ പല പല ചിന്തകള്‍....നീ വിശ്വസിക്കില്ല......ഞാന്‍ നോക്കുമ്പോള്‍ എന്‍റെ മുന്‍പില്‍ നില്‍ക്കുന്നു, ഡോളിക്കാരന്‍. അയ്യപ്പനാടി ഡോളിക്കാരനെ അപ്പോള്‍ അവിടെ എത്തിച്ചത്.....അല്ല സാക്ഷാല്‍ അയ്യപ്പന്‍ തന്നെ, ഡോളിക്കാരന്റ്റെ രൂപത്തില്‍.... എന്‍റെ കണ്ണ് നിറഞ്ഞു തുടങ്ങി.......

ഇതൊക്കെ കേട്ട്, ഞാന്‍ താഴെ എത്തി. എന്നെ കണ്ടതും ഓക്കേ ഓക്കേ എന്ന് പറഞ്ഞു അമ്മ ഫോണ്‍ വെച്ചതും, എണീറ്റ്‌ അടുക്കളയിലേക്ക് പോയതും എല്ലാം നിമിഷങ്ങള്‍ക്കകം സംഭവിച്ചു. എന്‍റെ മനസ്സില്‍ അമ്മയുടെ വാക്കുകള്‍ എക്കോയായി കേട്ടുക്കൊണ്ടിരുന്നു അയ്യപ്പനാടി ഡോളിക്കാരനെ അപ്പോള്‍ അവിടെ എത്തിച്ചത്.....അല്ല സാക്ഷാല്‍ അയ്യപ്പന്‍ തന്നെ, ഡോളിക്കാരന്റ്റെ രൂപത്തില്‍........”

ഞാനും അറിയാതെ വിളിച്ചു തുടങ്ങി,

എന്റെ സബറിമല മുറുഗാ !