Powered By Blogger

Tuesday, 21 June 2016

സ്വപ്നമൊരു ചാക്ക്



Legend says, when you can’t sleep at night, it’s because you are awake in someone else’s dream.

കാര്‍ന്നോര്‍മ്മാര്‍ പറയാറില്ലേ, രാത്രി കിടക്കുന്നതിനു മുന്‍പ് രാമനാമം ജപിക്യ, പ്രാര്‍ഥിചോണ്ട് കിടന്നോളൂ, ശ്ലോകം ചൊല്ലിക്കോളൂ എന്നൊക്കെ...ഇക്കാലത്ത് ദിനൊക്കെ നേരവിട്യാനെച്ചിട്ടാ. രാവിലേണീറ്റ് മുതല്‍ക്ക്‌ തിരെക്ക് തന്നല്യെ...തിരെക്ക്. ന്താപ്പോ പറയാ...ന്നിട്ടുണ്ട് രാത്രീല്, ഉറക്കത്തീലേയ്, രോന്നും കണ്ട് പുലമ്പുന്നു, ചിറിക്കണൂ, ടയ്ക്ക് ചില നിലവിളിക്കളും......ക്കേ കേട്ടിര്‍ക്കുണൂ. സൊപ്പ്നത്തിലാണത്രേ. ആള്‍ക്ക് തീരേ ഈശ്വര ചിന്ത ഇല്ലാണ്ടായിര്‍ക്കണൂ.

ഇത് നമ്മള്‍ക്കും സംഭവിക്കുന്നതാണ്. മെഡിക്കല്‍ സയന്‍സില്‍ സൊമ്നിലൊക്വി എന്നാണ് ഇതിന് പറയുക. ഇത് ഒരു രോഗം അല്ലാ, ഉറക്കത്തില്‍ ഉണ്ടാവ്വുന്ന ഒരു അവസ്ഥ മാത്രമാണ് എന്ന് മെഡിക്കല്‍ രേഖകള്‍ വിവരിക്കുന്നു. മിക്കപ്പോഴും സ്വപ്നങ്ങള്‍ കാണുമ്പോളാണ് സംസാരിക്കുക. സ്വപ്നത്തിലെ കഥാപാത്രങ്ങളോട് പറയുന്നതാണ് മറ്റുള്ളവര്‍ കേള്‍ക്കുന്നത്. എല്ലാപ്പോഴും, വെറും സംസാരം മാത്രമാവില്ല, കണ്ടുക്കൊണ്ടിരിക്കുന്ന സീന്‍, ഭയാനകാമോ, പേടിപ്പിക്കുന്നതോ ആണെങ്കില്‍, നമ്മള്‍ കേള്‍ക്കുക, നിലവിളികളും, അപസ്വരങ്ങളും ഒക്കെയാവും. കോമഡി സീന്‍ എങ്കില്‍, ഇവര്‍ ചിരിക്കും. ഇനിയിപ്പോ സീന്‍ കോണ്‍ട്രയാണെങ്കില്‍, ഒരു ചെറിയ ഇടി എങ്കിലും കൂടെയുള്ള ആള്‍ക്ക് ഒറപ്പാ. പക്ഷേ, ഇതെല്ലാം വെറും നിമിഷങ്ങള്‍ക്ക് മാത്രമാണ്, മൈക്രോ സെകണ്ട്സ്.

സൊമ്നിലൊക്വി എനിക്കുള്ളതായി അറിവില്ല. ഇല്ലെന്ന് വിശ്വസിക്കുന്നു. പക്ഷേ, ഞാന്‍ മിക്കപ്പോഴും കാണുന്ന ഒരു സ്വപ്നമുണ്ട്. നടന്നുക്കൊണ്ടിരിക്കുമ്പോള്‍ പാലം പൊട്ടിപോകുന്നു, മറുവശത്തുനിന്നും പൊട്ടിക്കൊണ്ടിരിക്കുന്നു, എല്ലാം മരപ്പാലം. പാലത്തിനു കീഴേ, ഒന്നുകില്‍, വെള്ളം, അല്ലെങ്കില്‍ ഒരു കൊക്ക ഉണ്ടാവും, നല്ല താഴ്ചയില്‍. കയ്യ് കാലുകള്‍ ഇട്ടടിച്ച് ആകാശത്തില്‍ നീന്തുന്നു, പൊട്ടിക്കൊണ്ടിരിക്കുന്ന പാലത്തിന്റ്റെ എവിടെയെങ്കിലും പിടിക്കാനുള്ള ശ്രമം...അങ്ങിനെ അങ്ങിനെ...അവസാനം എങ്ങിനെയെങ്കിലും കണ്ണുകള്‍ തുറന്നുക്കിട്ടും. മുറിയില്‍ തന്നെയാണ് എന്ന് മനസ്സിലാക്കി, വീണ്ടും അടുത്ത ഷോ കാണാന്‍ കിടക്കും. ഇതെല്ലാം മ്യുട്ടിലാണ് എന്നുമാത്രം.

ഇനി ഇതുകേള്‍ക്ക്. സ്ഥിരം ഒരു കള്ളന്‍, ജനാലകമ്പികള്‍ക്കിടയിലൂടെ കയ്യിട്ട് കിടക്കുന്നയാളുടെ കഴുത്തിലെ മാല പൊട്ടിക്കാന്‍ ശ്രമിക്കുന്നു, കള്ളന്‍ കള്ളന്‍ എന്ന് ഉറക്കെ പറയുന്നു. മറ്റൊന്ന്, കുടുംബത്തിലെ പലരും ചേര്‍ന്ന് ദൂരെയുള്ള ഒരു അമ്പലത്തിലേക്ക് പോകുന്നു, നടന്നുക്കൊണ്ടിരിക്കെ വഴി തെറ്റുന്നു, ചുറ്റും വിജനമായ കാട്, പരിഭ്രമ സ്വരത്തില്‍ കൂടെയുണ്ടായിരുന്നവരുടെ പേരുകള്‍ വിളിച്ചു പറയുന്നു. കള്ളന്‍ ഇടയ്ക്കിടെ ശ്രമം തുടരുന്നു. ഉത്സവ പറമ്പിലൂടെ മക്കളുമ്മൊത്ത് നടക്കുന്നു, പെട്ടന്ന്‌, മുമ്പില്‍ ഒരാന, മക്കളെ കാണ്മാന്‍ണ്ടായി. ആന ആന എന്ന വിളികള്‍ കേള്‍ക്കുന്നു. കള്ളന്‍ ശ്രമിച്ചുകൊണ്ടെയിരിക്കുന്നു, ഇക്കുറി കയില്‍ ഒരു കത്തിയും. സീന്‍ കോണ്‍ട്രാ!

എന്‍റെ അമ്മ സ്ഥിരമായി കാണുന്ന സ്വപ്നങ്ങളാണ് മുകളില്‍ വിവരിച്ചത്. ശീലമായതുക്കൊണ്ടാവാം, അച്ഛന്‍ ഇതിനൊന്നും ചെവി കൊടുക്കാറില്ല. രാവിലെ എന്തായിരുന്നു സ്വപ്നം എന്നും ചോതികാറില്ല. കാരണം, അത് ഒരു മെഗാ സീരിയല്‍ പോലെ അമ്മ വര്‍ണ്ണിക്കും എന്നറിയുന്നതുക്കൊണ്ടുതന്നെ.

അങ്ങിനെയിരിക്കേ, ഒരു ദിവസം രാവിലെ, അമ്മ ആകെ മൂഡ്‌ ഓഫ്‌. ഭയങ്കര ആലോചനയില്‍. കാപ്പിക്ക് മധുരവും ഇല്ല, കടുപ്പവുമില്ല. മൊത്തത്തില്‍ റിലേ കട്ട്‌. അച്ഛനും മക്കളും ഒന്നും മനസ്സിലാവാതെ പരസ്പ്പരം നോക്കിയിരിക്കുന്നു. അവാര്‍ഡ്‌ സിനിമയിലെ ഒരു സീന്‍ പോലെ, ഡയലോഗ് പ്രതീക്ഷിച്ചുള്ള ഇരിപ്പ്. ഇരുന്നിട്ട് കാര്യമില്ല എന്നുമാനസ്സിലായപ്പോള്‍, അച്ഛനും മക്കളും അവരുടെ കാര്യങ്ങളിള്‍ ശ്രദ്ധിച്ചു തുടങ്ങി. അപ്പോള്‍....

അമ്മ (എന്നോട്): എടാ, ആ ഓട്ടക്കാരന്റ്റെ പേരെന്താ? നല്ല കറുത്തിട്ടുള്ള....
ഞാന്‍: ഓട്ടക്കാരനോ? ആര്?
അച്ഛന്‍: (മുഖത്ത് ഒരു മാമ്മുക്കോയ ചിരി മാത്രം)
ചേച്ചി (നല്ലപ്പോലെ ചിരിച്ചുക്കൊണ്ട്): അമ്മ സ്വപ്നം വല്ലതും കണ്ടോ?
അമ്മ: അറിയില്ലെങ്കി അത് പറ....എണീറ്റമുതല്‍ ആലോജിക്കുവാ, നാക്കിന്റ്റെ തുമ്പത്തെത്തി നിക്കുവാ....
ചേച്ചി: ഓ....കാള്‍ ലുയിസ്....ആണോ?
അച്ഛന്‍:(മാമ്മുക്കോയ ചിരി മാറി ഇപ്പൊ “ഒടുവില്‍” സ്റ്റൈല്‍ ഇളിയായി)
അമ്മ: അല്ലെടി....കാള്‍ ലുയിസിനെ എനിക്കറിയില്ലേ...
ഞാന്‍: (ഗൗരവത്തോടെ) ബെന്‍ ജോണ്‍സണ്‍???????????
അമ്മ: അതെ....അവന്‍ തന്നേ....അതുതന്നെ.ബെന്‍ ജോണ്‍സണ്‍....ഹൊ....ബെന്‍ ജോണ്‍സന്‍.... (മുഖത്ത് ഒരു പ്രസ്സനത, പുഞ്ചിരി, ആനന്ദ കണ്ണീര്‍ ഉണ്ടോ എന്നും ഒരു സംശയം.....) എടി...എടാ...കേക്ക്..ഇന്നലത്തെ സ്വപ്നം. ഞാനും ബെന്‍ ജോണ്‍സനും ഒരുമിച്ച് ഓടുന്നു. പുഴ വക്കിലൂടെ. പെരിയാരിന്റ്റെ മണപ്പുറത്തുകൂടി. (അമ്മേടെ തറവാട്ടീന്ന് കഷ്ടിച്ച് നൂറു മീറ്റരെയുള്ളൂ പെരിയാര്‍). ഓടി കഴിഞ്ഞപ്പോള്‍ പുള്ളി എനിക്കൊരു ഷേക്ക്‌ ഹാന്‍ഡ്‌ തന്നിട്ട് എന്തോ എന്നോട് പറഞ്ഞു. അത് ക്ലീയറായി കേള്‍ക്കാനും പറ്റിയില്ല.....
അച്ഛന്‍: (“ഒടുവില്‍” ഇളി മാറി ഗൌരവമാകുന്നു, ആകാംഷയുമുണ്ട്)
ചേച്ചി: അത് മാത്രമെന്താ ക്ലിയര്‍ ആവാത്തെ? ഓടുന്നതൊക്കെ നല്ല ക്ലിയര്‍ ആയിരുന്നില്ലേ?
അമ്മ: പിന്നേ, നല്ല ക്ലിയറായിട്ട് തന്നെ കണ്ടു, ഞാനും കൂടെ ബെന്‍ ജോണ്‍സനും.....പക്ഷേ പറഞ്ഞത് കേട്ടില്ല....
ഞാന്‍: അതെന്താന്നല്ലേ ചോതിച്ചേ?

ഒരു ദീര്‍ഘശ്വാസം എടുത്തിട്ട്, അമ്മ പറഞ്ഞു,

അമ്മ: നിങ്ങടെ അച്ഛന്റ്റെ ഒടുക്കത്തെ കൂര്‍ക്കംവലി തന്നെ കാരണം!!!
അച്ഛന്‍: ( തിലകന്‍ സ്റ്റൈലില്‍ ഒരു ചിരി )


പിന്നാമ്പുറം: പഠിച്ചിരുന്ന പള്ളിക്കൂടത്തിലെ, സ്പോര്‍ട്സില്‍ സ്ഥിരം “സ്വര്‍ണം” ആയിരുന്നു അമ്മ. അതും ഓട്ടത്തില്‍. 515 ആയിരുന്നു സ്ഥിരം ചെസ്റ്റ് നമ്പര്‍. അങ്ങിനെക്കിട്ടിയ വിളിപ്പേരാണ് – അഞ്ഞൂറ്റി പതിനഞ്ച്.

No comments:

Post a Comment