കാലവര്‍ഷത്തിന്റ്റെ
തായമ്പക കേട്ടുകൊണ്ടാണ് ഇന്നുണര്‍ന്നത്. ഫില്‍ട്ടര്‍ കാപ്പിയുടെ ഗന്ധവും, മഴക്കാലത്തെ
കുളിരും, പത്രങ്ങളിലെ ചൂടുള്ള വാര്‍ത്തകളും....ഡൂടെ, ഇത് ബെസ്റ്റ് കോമ്പോ ആണ്!
മഴയൊന്നടങ്ങി.
ചുറ്റും നിശബ്ധത. ഇറ്റിറ്റ് വീഴുന്ന മഴത്തുള്ളികള്‍. കിളികളും മറ്റും, മേഘ
രാഗങ്ങള്‍ പാടിക്കൊണ്ട് വീണ്ടും പറന്നുത്തുടങ്ങി. കുഞ്ഞപ്പു, മീശ പിരിച്ചുകൊണ്ട്, തന്‍റെ പട്ടാള
കഥകള്‍, യുദ്ധ ഭൂമിയില്‍ എന്നപ്പോലെ, അതേ വീര്യത്തിലും, ശൌര്യത്തിലും
വിവരിക്കുന്നു. തുര്‍ക്കിപ്പട്ടാളമാണ് ശത്രു. കോരന്‍ ബട്ട്ളരുടെ കോലായില്‍
ഇരുന്നുക്കൊണ്ട് ചെത്തുകാരന്‍ കുളൂസ് പറങ്ങോടനും, പെരിക്കാലന്‍ അയ്യപ്പനും, ആധാരം
ആണ്ടിയും എല്ലാം കുഞ്ഞപ്പുവിന്‍റെ ഏകാന്ത നാടകത്തിന് ചെവി കൂര്‍പ്പിച്ചിരിക്കുന്നു.
കുഞ്ഞപ്പു ഒരു ബീഡി കത്തിക്കുന്നു. ബസ്രയിലെ കഥയും അക്ഷമരായ മുഖങ്ങളും. ബീഡിപുക
ലക്ഷ്യമില്ലാതെ അലയുന്നു. ആ ഗന്ധം എന്‍റെ ശ്രദ്ധ മാറ്റുന്നതുപോലെ തോന്നി. ആകര്‍ഷിക്കുന്നതുപോലെയും.
കുഞ്ഞപ്പു മൂക്കില്‍കൂടി പുക തള്ളിവിടുന്നു. സങ്കര്‍ഷവസ്ഥയില്‍ കഥ എത്തി നില്‍ക്കുന്നു.
നിശബ്ധതയുടെ അന്തരീക്ഷത്തില്‍ പെട്ടന്ന് ഒരു പൊട്ടലും ചീറ്റലും. പ്രേക്ഷകര്‍
ഞെട്ടി. ചെവി പൊത്തിയും, തല കുനിച്ചും, മുന്നിലിരിക്കുന്നയാളുടെ പിന്നില്‍
ഒളിഞ്ഞും....ആകെയൊരു ഭീതി. കുഞ്ഞപ്പു എഴുനേറ്റ് പൊസിഷനില്‍ നില്‍ക്കുന്നു. എണ്ണ
കാഞ്ഞ ചീനച്ചട്ടിയില്‍ കടുക്കിട്ടപ്പോള്‍ സംഭവിച്ചതാണ് ഇത്രെയും.
കുളൂസ് പറങ്ങോടന്‍,
വെള്ളി റിസ്റ്റ് വാച്ച് അഴിച്ച് വയിണ്ട് ചെയുന്നത് കണ്ടപ്പോളാണ്, സമയത്തെക്കുറിച്ചുള്ള
ഓര്‍മ്മ വന്നത്. ശ്ശ്യയായിരിക്ക്ണ്ണ്‍. പുറത്ത് നന്നേ ഇരുണ്ടുതുടങ്ങിരിക്കുന്നു. അടുക്കളയില്‍നിന്ന്
മീന്‍ പൊരിക്കുന്ന മണം. മോട്ടോര്‍ വാഹനങ്ങളുടെ ഇരമ്പലുകള്‍ നല്ല ഉച്ചത്തിലാണ്. ഇടയ്ക്കൊരു
സൈക്കിലിന്റ്റെ ബെല്ലും നല്ലപോലെ കേട്ടു, കുറേ നാളുകള്‍ക്കുശേഷം. ഇലഞ്ഞിപ്പൊയിലിന്‍റെ
ഗ്രാമീണ ഭംഗിയുടെ വിവരണം കേട്ടുക്കൊണ്ടാണ്, പൊരിച്ച മീനും, മോരുക്കറിയും,
കാരക്കാച്ചാരും കൂട്ടി ഉരുളകള്‍ വിഴുങ്ങിയത്. നൂറു ശതമാനം നാടന്‍, ഇലഞ്ഞിപ്പൊയിലും,
ഊണും. കഥ തുടര്‍ന്നു. ഇടയ്ക്കെപ്പോഴോ, ഞാന്‍ മയങ്ങി. മഴ കലിത്തുള്ളി പെയ്യുന്നു. ഒരായിരം
തായമ്പകകാര്‍ കോല്‍ ഉരുട്ടുന്നതുപ്പോലെ. നിശബ്ധതയില്‍ എന്തോ ഒരു ശബ്ദം കേട്ടാണ്
ഉണര്‍ന്നത്. ഒരു കര പര പര കര പര ശബ്ദം. അടുത്ത വീട്ടില്‍ കല്‍പ്പണി നടക്കുന്നു.
പറങ്ങോടനും, അയ്യപ്പനും,
ആണ്ടിയും എല്ലാം, അതിരാണിപ്പാടത്തിലെ വിശേഷം പറച്ചിലിലാണ്. ഒരു പാട്ട് ഒഴുകി
വരുന്നതുപ്പോലെ....”കഞ്ഞിക്കലത്തിനു താടിവന്നു പിന്നെ കൊമ്പന്‍മരത്തിനു മീശവന്നു.....”
അമ്മാമന്‍, പൂഴിമണ്ണില്‍ കുഴിച്ചിട്ട റാക്ക് കുപ്പി മാന്തിയെടുത്ത്, രണ്ടു മോന്തു ഇറക്കി,
പുഴയിലെ വെള്ളം കണക്കിന് ഒഴിച്ച്, പൂഴിയില്‍ വീണ്ടും മൂടിവെച്ച്, മൂരികളെ
കുളിപ്പിച്ച്, നല്ല മല്ലില്‍ പാട്ടും പാടി വരുന്നു, അപ്പു. പാട്ടിന്റ്റെ വരികള്‍
ആസ്വധിക്കുന്നതിനിടയില്‍ തമിഴ് വരികള്‍ കയറിവന്നു – “വണ്ടി മാട് എട്ട് വെച്ച് മുന്നേ പോകുതമ്മാ,
വക്കപ്പട്ട പൊണ്ണ് മനം പിന്നേ പോകുതമ്മാ.....” കല്‍പ്പണിക്കാരന്റ്റെ മൊബൈലില്‍
നിന്നാണത്.
അതിരാണിപ്പാടത്തിന്റ്റെ
വടക്കേ അതിര്‍ത്തിയിലെ റോഡിന് “പുതിയനിരത്ത്” എന്നാണ് പറയുന്നത്. പുതിയനിരത്തില്‍
മാളികവീടുകളും, ചീനവേലികളാല്‍ മറയ്ക്കപ്പെട്ട ഇടത്തരക്കാരുടെ പുരയിടങ്ങളും ഉണ്ട്.
ഞാന്‍ താമസിക്കുന്ന നഗരത്തിലും, പുതിയനിരത്തിലെ പോലെ മാളികവീടുകള്‍ ഉണ്ട്, നല്ല
പൊക്കമുള്ള ഫ്ലാറ്റുകളുണ്ട്. ഇടത്തരക്കാരുടെ പുരയിടങ്ങള്‍ ഉണ്ട്, പക്ഷെ ചീനവേലികളാല്‍
മറയ്ക്കപെട്ടിട്ടില്ല, അതിനു പകരം കോണ്‍ക്രീറ്റ് വേലികളാണ്. ഇലഞ്ഞിപ്പൊയിലിന്‍റെ
ഗ്രാമീണ ഭംഗിയില്ല, പകരം ആകാശച്ചുംബിനികളാണ്. മൂരികളെ കുളിപ്പിക്കാനുള്ള പുഴകളില്ല,
ഇവിടെ വെള്ളത്തിന് കായ് കൊടുക്കണം. പൂഴിയില്‍ നിന്നും മാന്തിയെടുക്കാന്‍ റാക്ക്
കുപ്പികളില്ലാ, ബെവ്കോ മാത്രം ശരണം. അപ്പുവിനെപോലെ പാടി നടക്കാന്‍ പറ്റില്ല,
നടന്നാല്‍ ഒന്നുകില്‍ ഫിറ്റാണ് എന്ന് പറയും, അല്ലെങ്കില്‍ ഭ്രാന്താണ് എന്ന് പറയും.
ഉള്ളതും, ഇല്ലാത്തതുമായ കഥകള്‍ പറയുന്ന പട്ടാളക്കാരും ഇന്നിവിടില്ല.
മഴയില്ലെങ്കിലും, ശബ്ദഘോഷങ്ങള്‍ക്ക് ഒരു കുറവുമില്ല.
ഇന്നിപ്പോ, ഞാന്‍
കേട്ട ( നിങ്ങളും കേട്ടുകാണും ) ശബ്ദങ്ങള്‍, കിളികളുടെ മേഘ രാഗത്തിലുള്ള പാട്ടുകള്‍,
എണ്ണ കാഞ്ഞ ചീനച്ചട്ടിയില്‍ കടുക്കിട്ടപ്പോള്‍, സൈക്കിലിന്റ്റെ ബെല്‍, ബീടിപുകയുടെ
ഗന്ധം, കല്‍പ്പണിയുടെ ശബ്ദം, തമിഴ് പാട്ട്....ഇവയെല്ലാം എന്നും ഉണ്ടായിരിക്കാം.
പക്ഷെ, ഇന്നാണ് ഞാന്‍ ഇതെല്ലം നല്ല തെളിച്ചത്തോടെ കേട്ടത്. ഇന്ന് രാവിലെ മുതല്‍
വീട്ടില്‍ കറണ്ടില്ല. ഇടയ്ക്ക്, മഴ സുല്‍ ഇടുമ്പോളുള്ള നിശബ്ധയില്‍ അടുത്ത
വീടുകളില്‍ നിന്നും കേട്ടതാണ് ഇതെല്ലാം.
സമര്‍പ്പണം:
എസ്.കെ.പൊറ്റെക്കാട്ടിനും,
ഒരു ദേശത്തിന്റ്റെ കഥയിലെ എട്ടാം അദ്ധ്യായം വരേയുള്ള കഥാപാത്രങ്ങള്‍ക്കും. കെ.എസ്.ഇ.ബിക്കും.

No comments:
Post a Comment