Powered By Blogger

Tuesday, 15 October 2019

ഒരു കേസ് ഡയറി

വര്‍ഷം 2001ലെ ഒരു ഉച്ച നേരം. സുഹൃത്തുമായി ഒരു “ഹോംലി മീല്‍സ്”ല്‍ ഇരിപ്പാണ്. ചോദിച്ചപ്പോള്‍, രണ്ട് വെജിറ്റേറിയന്‍ ഊണും, ഒരു ഫിഷ്‌ ഫ്രൈയും പറഞ്ഞു. തയിര് കിട്ടണമെങ്കില്‍, വെജിറ്റേറിയന്‍ ഊണ് പറയണം, അതാണ്‌ ഗുട്ടന്‍സ്. ഊണ് കഴിഞ്ഞ്, വണ്ടിയില്‍ കയറി. സ്റ്റാര്‍ട്ട്‌ ആവുന്നില്ല. നല്ല എരി പൊരി വെയിലാണ്. രണ്ടുപേരും മാറി മാറി കിക്കര്‍ അടിച്ചു അടിച്ചു ഒരു പരുവമായി.  ഒരു പത്ത് മിനുട്ടുകള്‍ക്ക് ശേഷം ഒന്നുകൂടി ശ്രമിച്ചു. അപ്പൊ സംഗതി ഏറ്റു. വണ്ടി സ്റ്റാര്‍ട്ട്‌ ആയി. ഞങ്ങള്‍ പുറപെട്ടു.

കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, വീണ്ടും ഇതുപോലെ വണ്ടി ഒരു പണി തന്നു. അന്ന്, പക്ഷെ ഒരു മെക്കാനിക് വന്നതിനു ശേഷമേ സ്റ്റാര്‍ട്ട്‌ ആയുള്ളൂ. സംഭവം, വണ്ടിക്ക് ഒരു പത്ത് പന്ത്രണ്ട് വയസ്സ് പ്രായം ഉണ്ട്, പക്ഷെ കുറച്ച് ദിവസങ്ങളെ ആയിട്ടുള്ളൂ, ഇജ്ജാതി പണി തരാന്‍ തുടങ്ങിയിട്ട്. ഒരു മികച്ച ടൂ സ്ട്രോക്ക് ബ്യ്ക് ആയിരുന്നു അത്.

വീണ്ടും അല്ലറ ചില്ലറ പണികള്‍ കിട്ടി തുടങ്ങി. ചെറിയ ഒരു ഇടിയിലും പെട്ടു. എല്ലാവിധ അസുഖങ്ങളും, ചതവുകളും, ഒടിവുകളും എല്ലാം നേരെയാക്കി, വണ്ടിയേ കുട്ടപ്പനാക്കി. സുഹൃത്തിനെ കണ്ടപ്പോള്‍, വണ്ടി വില്‍ക്കാനുള്ള തീരുമാനം പറഞ്ഞു. ആള്‍ പറഞ്ഞു: “ഇപ്പൊ ശെരിയാക്കി തരാം”. ഒരു ദിവസം, സുഹൃത്ത്‌ വീട്ടിലോട്ട് വന്ന് വണ്ടിയും കൊണ്ട് പോയി, ഒന്ന് രണ്ടു പേരെ കാണിക്കാന്‍. ഏകദേശ വില, സുഹൃത്തിന്‍റെ “വാഹന വിജ്ജ്ഞാനകൊശത്തിലൂടെ” എന്നെ ഭോധിപ്പിച്ചിരുന്നു. അങ്ങനെ കച്ചവടം ഉറപ്പിച്ചു. നേരത്തെ പറഞ്ഞ വില എനിക്ക് തന്നിട്ട് പറഞ്ഞു, “എല്ലാം ഗോംബ്ലിമെന്‍റ്സ്” ആക്കിട്ടുണ്ട്!!! ( ലാഭ വിഹിതം ഞാന്‍ ഊഹിചെടുത്തു )...

പിന്നീടുള്ള, ഞങ്ങളുടെ പല സുഹൃത്ത്‌ സദ്ദസ്സുകളിലും, ആ വണ്ടി കച്ചവടം, ഒരു ചര്‍ച്ചാവിഷയമായി. വേറെ ഒന്നുമ്മല്ല, ആ കച്ചവടത്തിലെ ലാഭത്തെ കുറിച്ചുള്ള ചര്‍ച്ച!!! ഞാന്‍ പറയുമായിരുന്നു, ആ കച്ചവടത്തില്‍ നിന്നുള്ള ലാഭത്തില്‍, അവന്‍ നാല് പാന്‍റ്സും നാല് ഷര്‍ട്ടും മേടിച്ച് എന്ന്. അപ്പോഴൊക്കെ അവന്‍ വിസ്സമതിക്കും. എല്ലാരുംക്കൂടി അവന്‍റെ മേക്കിട്ടു കയറും, വീണ്ടും എല്ലാം ഗോംബ്ലിമെന്‍റ്സ് ആക്കും.

ഇങ്ങനെ എത്രയോ പകലുകളും, സായാഹ്നങ്ങളും, രാത്രികളും ഞങ്ങളുടെ സൗഹൃദ സദ്ദസുകളില്‍, ഓര്‍മ്മകള്‍ അയവറക്കുമ്പോള്‍, ഈ വണ്ടി കച്ചവട കഥ ആപ്പചട്ടിയിലിട്ട് വറക്കുമ്മായിരുന്നു. ഞാന്‍ പറയും, നാല് പാന്‍റ്സും നാല് ഷര്‍ട്ടും, അവന്‍ വിസ്സമതിക്കും, ഞാന്‍ പറയും, അവന്‍ വിസ്സമതിക്കും. അങ്ങനെ അങ്ങനെ എത്ര എത്ര ഗോംബ്ലിമെന്‍റ്സുകള്‍!!!

വേനലുകളും, കാലവര്‍ഷവും, തുലാ മഴകളും, മകര മഞ്ഞും എല്ലാം, എത്രയോ, കടന്നു പോയി. വര്‍ഷങ്ങള്‍ കണ്‍ ചിമ്മും വേഗത്തിലാണ് മാറി മറയുന്നത്‌. ഇക്കഴിഞ്ഞ പ്രളയവും, നമ്മള്‍ അതിജീവിച്ചു. 2020ലേക്ക് നമ്മള്‍ ഊര്‍ജസ്വലരായി യാത്ര തുടരുന്നു.

ഒരുപാട്, നാളുകള്‍ക്കു ശേഷം ഞങ്ങള്‍ സുഹൃത്തുക്കള്‍ ഒന്ന് ഒത്തുകൂടി. ജോലി തിരക്കുകള്‍ക്കിടയില്‍ ഒരു ബ്രേക്ക്‌. എല്ലാരും ആഗ്രഹിച്ചിരുന്ന ഒരു സായാഹ്നം. കുറച്ച് നേരത്തേക്ക് എല്ലാവിധ ഭാരങ്ങളും ഇറക്കി വെച്ച് പഴയപ്പോലെ പറന്നു നടക്കാന്‍, എല്ലാരും ഒരുമിച്ച്.

പതിവുപ്പോലെ, രണ്ട് “വട്ടം” കഴിഞ്ഞപ്പോള്‍, എങ്ങനെയോ, ഓര്‍മകളുടെ ഭാണ്ടകെട്ട് തുറക്കപെട്ടു. ആ നല്ല ദിവസങ്ങളിലെ തമാശകളും, അനുഭവങ്ങളും, യാത്രകളും, എല്ലാം എല്ലാം പറഞ്ഞു പഴ കാലത്തേക്ക് ഞങ്ങള്‍ ഒരുമിച്ച് പറന്നുതുടങ്ങി. നാലാമത്തെ “വട്ടം” തുടങ്ങിയപ്പോള്‍, കഥ, വണ്ടി കച്ചവടത്തിലെത്തി. എന്‍റെ ബ്യ്ക് വിറ്റ്‌ കിട്ടിയ ലാഭവിഹിതം കൊണ്ട്, അവന്‍ “നാല് പാന്‍റ്സും നാല് ഷര്‍ട്ടും” മേടിച്ച “കഥ” ഞാന്‍ പറഞ്ഞു, അവന്‍ നിഷേധിച്ചു. ഞാന്‍ വീണ്ടും “കഥ” ആവര്‍ത്തിച്ചു, അവന്‍ വീണ്ടും നിഷേധിച്ചു.

ഞങ്ങള്‍ അങ്ങനെ പഴയ കാലങ്ങളില്‍ പറന്നു ഉല്ലസ്സിച്ചു, തിരിചെത്തി. മംഗളം പാടുന്നതിനു മുന്‍പ്, എല്ലാരും ഒരു “വട്ടം”കൂടി പറഞ്ഞു. സദസ്സില്‍ മൗനം മാത്രം. ഒരു നല്ല മഴക്കോള്‍ മണത്തു തുടങ്ങി. കായല്‍ കാറ്റ് ഞങ്ങളെ തലോടുന്നുണ്ടായിരുന്നു. ഐസ് കട്ടകള്‍ ചില്ല് ഗ്ലാസുകളില്‍ വീഴുമ്പോള്‍ ഉള്ള ആ ശബ്ദം വളരെ പ്രസക്തമായിരുന്നു. സദസ്സിലെ മൗനം മാറ്റിയെടുക്കാനായുള്ള എന്‍റെ ഒരു എളിയ ശ്രമം എന്ന നിലയ്ക്ക്, ഞാന്‍ സുഹൃത്തിനോട്‌ പറഞ്ഞു:

            എടാ... എന്നാലും..... നീ നാല് പാന്‍റ്സും നാല് ഷര്‍ട്ടും മേടിച്ചല്ലോ.....

കേട്ടപ്പാടെ, സുഹൃത്ത്‌ പറഞ്ഞു:

            ഒന്ന് പോടാപ്പാ.... രണ്ടു പാന്‍റ്സും ഒരു ടി ഷര്‍ട്ടും... അത്രേള്ളൂ !!!

ഒരു കൂട്ടച്ചിരി മാത്രം ആയിരുന്നു, ആ കായലോരത്ത് പിന്നീടുള്ള നേരങ്ങളില്‍ ഇരമ്പിക്കൊണ്ടിരുന്നത്.

ഒരു നീണ്ട പതിനെട്ട് വര്‍ഷത്തിനു ശേഷം ഞാന്‍ ഈ കച്ചവട കഥ അവസാനിപ്പിക്കുന്നു.

The curious case of a motor cycle is solved. The case dairy stands closed.

No comments:

Post a Comment