Powered By Blogger

Sunday, 4 October 2015

മലബാറി ദാവത്ത്



സത്യങ്ങളുടെയും ശില്പ്പങ്ങളുടെയും നാട്. ഇബ്നു ബട്ടുറ്റ ആറു പ്രാവശ്യം സന്ദര്‍ശിച്ച നാട്. ഗാമയുടെ പാദസ്പര്‍ശം ഏറ്റുവാങ്ങിയ നാട്. പൊറ്റക്കാടിന്റ്റെയും ബഷീറിന്‍റ്റെയും ഓര്‍മ്മകളില്‍ ജീവിക്കുന്നവരുടെ നാട്. ബാബുക്കായുടെ ഈണങ്ങളില്‍ ഉറങ്ങുന്ന നാട്. അറബികളും, പേര്‍ഷ്യക്കാരും, ചീനാക്കാരും വാനോളം പുക്ഴത്തിയ നാട്. രുചികളുടെ നാട്. മൊഞ്ചത്തികളുടെ നാട്. സാമൂതിരിയുടെ നാട്. കോഴികോട്.

കടലുണ്ടി പാലവും കടന്ന്, കല്ലായി പുഴയും കണ്ട്, ഞങ്ങള്‍ കോഴിക്കോട് എത്തി. ഉച്ചയൂണിന്‍റ്റെ സമയം. മലബാറി ബിരിയാണിയുടെ മണം ഞങ്ങളെ ബോംബെ ഹോട്ടലില്‍ എത്തിച്ചു. ഇഷ്ട വിഭവവും, കാരയ്ക്കാ അച്ചാറും, പപ്പടവുമായി മൂപ്പര് വന്നു. പെരിത്തിഷ്ടായി. മുറിയില്‍ ചെന്ന് ഞങ്ങള്‍ ഒന്ന് മയങ്ങി. ബിരിയാണിമയക്കം. കോഴിക്കോട് ബീച്ചിലെ പട്ടം പറത്തലും, മാനാഞ്ചിറയില്‍ ഒഴുകുന്ന ഗസലുകള്‍ കേട്ടും, മിട്ടായി തെരുവിലെ നിശാ തിരക്ക് കണ്ടും, പാരഗണിലെ അത്താഴം രുചിച്ചും, അവില്‍ ശര്‍ബത് കുടിച്ചും സാമൂതിരിനാട്ടിലെ ആദ്യ ദിനത്തിന് ശുഭം.

ജനാലയിലൂടെ, കുറച്ചകലെ കാണുന്ന കോളാമ്പിയില്‍ നിന്നുള്ള ഫജ്ര്‍ നമാസ് കേട്ടുക്കൊണ്ടായിരുന്നു രണ്ടാം ദിനത്തിന് തുടക്കം. ബീച്ചിനോട് ചേര്‍ന്നുള്ള നടപ്പാതയിലെ ബെഞ്ചിലിരുന്നുക്കൊണ്ട്, കയ്യില്‍, ആവി പറക്കുന്ന പാല്‍ ചായയും രുജിച്ച്, ഇളം കടല്‍കാറ്റിന്‍റ്റെ തലോടലില്‍ പുളകംക്കൊണ്ടിരിക്കെ, ബീച്ചിലൂടെയുള്ള പ്രഭാത സവാരി കഴിഞ്ഞ് എന്റ്റെ അടുത്ത് വന്നു നില്‍ക്കുന്നു, സഞ്ചി. മുറയില്‍ ചെന്നപ്പോള്‍, അച്ചായന്‍ ശയനത്തില്‍ തന്നെ. യാത്ര നേരെ ഗാമാ ദേശത്തേക്ക്. കാപ്പാട്. വഴിമധ്യേ, സോക്ക്സ്സും കൂടെ ചേര്‍ന്നു. നാലാള്‍പട കാപ്പാടിലേക്ക്. അങ്ങിനെ, ഗാമാ കാലുവെച്ച ഒരു നാട്ടില്‍, ഞങ്ങളുടെ കാല്‍പ്പാടുകളും പതിഞ്ഞു. സുര്യ ഭഗവാന്‍ ശക്തി തെളിയിക്കും മുന്‍പേ, കാപ്പാട് കടപ്പുറവും, ഗാമാ സ്മാരകവും, പാറക്കെട്ടുകളും കണ്ടു മടങ്ങി. പക്ഷെ, നാലാള്‍പട ക്ഷീണിതര്‍. സാമൂതിരിനാട്ടിലെ അവസാന പകല്‍. എന്നാല്‍പ്പിന്നെ, ആഘോഷം രാജകീയമാകാം എന്ന് തീരുമാനം. മുന്തിയ സ്ഥലത്തേക്ക് തന്നെ വണ്ടി വിട്ടു. നക്ഷത്രങ്ങള്‍ അഞ്ചും തിളങ്ങിനില്‍ക്കുന്നു.

നാലാള്‍പട, നേരെ അരണ്ട വെളിച്ചത്തിലേക്ക് കയറി. ശൂന്യം. അതിപ്പോ നന്നായി എന്ന് നാലാള്‍പടക്ക് തോന്നി. നാല് ചില്‍ഡ് നിരന്നു. മീന്‍ക്കൊത്തി. ഗാമാദേശത്ത്‌ നിന്ന് ഇവിടം വരെ എത്തിയ വഴി അറിഞ്ഞതുപ്പോലെ, ചില്‍ഡ് പോയ വഴിയും അറിഞ്ഞു.

ആദ്യ മീന്‍ക്കൊത്തിയെ ഇമ്മിണി ബേഗത്തില് തീര്‍ത്താണ്ട്, രണ്ടാമ്മൂഴത്തിനു കുത്തീര്‍ന്ന്‍. അത് മ്മള് പതുക്കനെ പതുക്കനെ നുര നുരയായിട്ട് മോന്തീക്കണ്. മറ്റൊരു കോളാമ്പിയില്‍ നിന്ന് അസ്ര് നമാസ് കേട്ട് തുടങ്ങീര്‍ക്കണ്. മീന്‍ക്കൊത്തി കാലിയായിട്ട് എത്ര നേരായീന്ന്ചാ. ഓനാന്നേ ബരണൂലാ. വെയിറ്ററെ. അസ്ര് മുഴുക്കനെ കേട്ടിരിക്കണ്. ഞമ്മളു, അച്ചായനു പോയ്‌ നോക്കീര്‍ക്കണ്, ഓനെ. എബിടെയും ഓനെ കിട്ടീല. മ്മള് തീര്‍മ്മാന്നിക്കായ്, മ്മള് പൂവ്വാ. അല്ലാണ്ടോ...നാലാള്‍പട നാലഭിപ്രായക്കാരായി. ട്ടോസ് ഇട്ടു നോക്കി. ടിഷ്യു പേപ്പറില്‍ നറുക്കിട്ടു. രണ്ടിലും ഒരേ വിധി. “വിട്ടോളീന്ന്‍” !!! സഞ്ചിയും, അച്ചായനും സോക്ക്സ്സും “തോമാസ്കുട്ടി വിട്ടോടാ” എന്ന ഒരു മൂടിലെത്തി. കാരണം രണ്ട് മീന്‍ക്കൊത്തികള്‍!!! ഞാനാണേല്‍ “പടച്ചോനേ...ഇങ്ങള് കത്തോളീ...ന്ന്‍ ഒരൊറ്റ വിളിയാ...” മനസ്സില്.

നാലാള്‍പട കാറില്‍ യാത്ര തിരിച്ചു. പാട്ടുപ്പെട്ടിയില്ലാത്ത വണ്ടിയില്‍, മൌന രാഗം കേട്ടിരിന്നു. മുറിയില്‍ എത്തി, ഞങ്ങള്‍ ഒന്ന് ഫ്രെഷായി. കോഴിക്കോട് ബീച്ചിലെ, സാമാന്യം തിരിക്കൊഴിഞ്ഞ ഒരു ഭാഗത്ത് ഞങ്ങള്‍ ഇരുന്നു. സൂര്യഭഗവാന്‍ കടലിലേക്കിറങ്ങിയതും, ബീച്ച് റോഡിലെ പള്ളിയില്‍ നിന്നും മഘ്രിബ് നമാസ് കേട്ടുതുടങ്ങി. നാലാല്‍പടയ്ക്ക് ഉര്‍ജം കിട്ടിയതുപ്പോലെ. തമാശകള്‍ പറഞ്ഞും, കാഴ്ചകള്‍ കണ്ടും ഞങ്ങള്‍ നടന്നു. ഒട്ടകങ്ങള്‍ തളര്‍ന്നിരിക്കുന്നു. തട്ടുകടയിലെ ഭക്ഷണത്തിനു ശേഷം മുറിയിലേക്ക് നടന്നു. ഞങ്ങളും തളര്‍ന്നിരിക്കുന്നു. നാല് ഒട്ടകങ്ങള്‍.

വഴിയിലുള്ള ഒരു പഴയകാല ചായക്കട കണ്ടപ്പോള്‍, ഒരു ചായമോഹം. കയറി ഇരുന്നതും, മൂപ്പര് തിരിഞ്ഞു നിന്ന് ഒരു വല്യ മരപെട്ടിയില്‍ എന്തോ തിരിച്ചുക്കൊണ്ടിരുന്നു. അപ്പോള്‍ അതിലൂടെ ഒരു സുന്ദര ഗാനം ഒഴികിതുടങ്ങി. റാഫി സാബിന്റ്റെ – “സുഹാനി രാത് ഡല്‍ ചുകി...നാ ജാനേ തും കബ് ആവോഗെ...”. മുറിയില്‍ എത്തി. മൂന്ന്‍ ഒട്ടകങ്ങള്‍ കട്ടിലടഞ്ഞു. സമയം ഏഴര അടുക്കുന്നു. ജനാലകള്‍ തുറന്നിട്ടു. തണുത്ത കടല്‍ കാറ്റ്. ഇശ നമാസ് തുടങ്ങി. ഞാനും കട്ടിലടഞ്ഞു. സാമൂതിരിനാട്ടിലെ രണ്ടു ദിനരാത്രങ്ങള്‍. നല്ല ഓര്‍മ്മകള്‍. മനസ്സില്‍ ഞാന്‍ പാടി –

“സുഹാനി രാത് ഡല്‍ ചുകി...നാ ജാനേ ഹം കബ് ആയേങ്കേ...”

No comments:

Post a Comment