എന്‍റ്റെ അഭിപ്രായത്തില്‍ സോമന്‍ ഊളയായി എന്നത് സത്യമാണ്. ഇതിന്റ്റെ അവസാനം നിങ്ങള്‍ക്ക് അത് മനസ്സിലാകും. ഇതിലെ കഥാപാത്രങ്ങള്‍ ജീവിച്ചിരിക്കുന്നവരാണ്. ഞാന്‍ നേരില്‍ കണ്ടവരാണ്. ഇവരുടെ പേരുകള്‍ സാങ്കല്‍പ്പികവും.
ഇതില്‍ നായകനെ ചന്തുവെന്നും, നായികയെ മണവാട്ടിയെന്നും അറിയപെടുന്നു. പിന്നെ ഒരു തോഴനും ഉണ്ട് കൂട്ടത്തില്‍. ഇവരെ കൂടാതെ, എസ്.ഐ. നിര്‍ഗുണന്‍, ഹെച്.സി. ഉന്മേഷ് കുമാര്‍, കുറച്ച് സദാചാരന്മാരും, പിന്നെ സോമനും.
സ്ഥലം: എറണാകുളം കെ.എസ്.ആര്‍.ടി.സി. സ്റ്റാണ്ട്.
സമയം: രാത്രി പതിനൊന്നേകാല്‍.
മൈസൂരിലേക്ക് പോകുന്ന കര്‍ണാടക സര്‍കാരിന്റെ വണ്ടിയില്‍ ഭാര്യയെ കയറ്റിവിടാന്‍ വന്നതാണ് ഞാനും അമ്മയും. തിരുവനന്തപുരത്തു നിന്നും വണ്ടി ഏറണാകുളം എത്തുനത് പതിനോന്നെമുക്കാലിനാണ്. Enquiry counter’ല്‍ വെറുതെ ഒന്ന് ചോദിച്ചു:
ചേട്ടാ, മൈസൂരിലെകുള്ള “ഐരാവത്” എപ്പോഴാ എത്തണത്?
അതൊന്നും അറിയില്ല...ഞങ്ങള്‍ നോകാറുമില്ല,അന്വേഷിക്കാറുമില്ല. നിങ്ങള്‍ ഒന്നാമത്തെ പ്ലാറ്റ്ഫോമില്‍ നിന്നോ. അവിടെ വണ്ടി വരും.
ബെസ്റ്റ് കണ്ണാ ബെസ്റ്റ് എന്ന് പറഞ്ഞുകൊണ്ട് അങ്ങോട്ടേക്ക് നടന്നു.
പ്ലാറ്റ്ഫോമിനടുത്ത് വനിതകള്‍കുള്ള വെയ്റ്റിംഗ് റൂമിലേക്ക് കയറി. മൊത്തം ഒരു ഇരുപത് കസേരകള്‍ ഉണ്ട്. അതില്‍ ഇരിക്കാന്‍ പറ്റാവുന്നത് ഒരു ആറോ ഏഴോ മാത്രം. ഒരെണ്ണത്തില്‍ ഒരു അമ്മയും കയ്യ്കുഞ്ഞും. അവരുടെ പുറകിലതെതില്‍ അമ്മയും ഭാര്യയും ഇരുപ്പുറപ്പിച്ചു. മറുവശത്ത് മൂലയിലുള്ള കസേരയില്‍ നായിക ഇരുപ്പുണ്ട്. തലകുനിച്ചുള്ള ഇരുപ്പായിരുന്നു. അപ്പോള്‍ മനസ്സില്‍ വന്നതാണ് മണവാട്ടി എന്നത്. ഒരഞ്ച്മിനിട്ട് ഞാന്‍ അവിടെ ഇരുന്നു. വെള്ള ഷര്‍ട്ടും നീല ജീന്‍സും ഇട്ട ചെമ്പിച്ച തലമുടിയും, പാനും ചവച്ചുകൊണ്ട് ചന്തു കയറിവന്നു. മണവാട്ടിയുടെ അടുത്തിരുന്നു. അപ്പോഴും തല പൊക്കിയില്ല. ചന്തു എന്തോ പറഞ്ഞുകൊണ്ടേയിരുന്നു. മണവാട്ടിക് ഒരനക്കവുമില്ല. ഞാന്‍ പുറത്തേക്കിറങ്ങി. നല്ല കാറ്റുണ്ടായിരുന്നു. സ്റ്റാണ്ടിനു ചുറ്റും ഒന്നുരണ്ട് പ്രതക്ഷിണം വെച്ചു. വകുപ്പ് മന്ത്രിയും, പത്രങ്ങളും ഒക്കെ പറയുന്നത് ശെരിയാണ്, ഒട്ടുമിക്ക വണ്ടികളും കട്ടപ്പുറത്താണ്. ആളുകളും കുറവായിരുന്നു. ചില കാഴ്ച്ചകള്‍ രസമുള്ളതായിരുന്നു: പലതരം മനുഷ്യ പാമ്പുകള്‍.
ഒരാളെ കട്ടപ്പുറത്തുള്ള വണ്ടിയിലോട്ടു ചാരി നിറുത്തിയിരിക്കുന്നു!!!
കുറച്ച് മാറിയായിട്ടു രണ്ടുപ്പേര്‍ ആടികൊണ്ട് തര്‍ക്കികുവാണ്ണ്‍ –
എടൊ കോപെ ഞാനാണ് ആ പത്തിട്ടെത്...
അപ്പ മിസ്ച്ചര് മേടിച്ചത് ഞാനല്ലേ എന്ന് മറ്റയാള്‍..
ആണാ...എന്നാ വാ പോയേക്കാം....അവര്‍ തോളത്ത് കയ്യിട്ട് ആടി ആടി നടന്നു.
തിരിച്ചു നടക്കുമ്പോളാണ് ഞാന്‍ സോമനെ കാണുനത്. മൊബൈലില്‍ ആരോടോ മങ്ക്ളിഷില്‍ ഭയങ്കര ബോല്‍ത്താണ് സോമന്‍. ഇടക്ക് പറയുന്നത് കേട്ടു – ഇപ്പൊ മൊബൈല്‍ റീ-ചാര്‍ജ് ചെയ്തെ ഉള്ളു, പത്തു രൂപക്ക്...അടുത്തെങ്ങും കൂപ്പണ്‍ കിട്ടുന്ന കടയില്ല എന്നൊക്കെ...ഞാന്‍ വെയ്റ്റിംഗ് റൂമിനടുതെത്തി. മണവാട്ടിയെ കാണുന്നില്ല. ചന്തുവും ഇല്ല. പെട്ടികളൊക്കെ കസേരയില്‍ വെച്ചിട്ടുണ്ട്. പരിസരം മൊത്തത്തില്‍ മാറിയതുപോലെ തോന്നി. ഒരു മഴകുള്ള സ്കോപ്പ് മണത്തുതുടങ്ങിയിരുന്നു, കാക്കിയിട്ടവരുടെ എണ്ണം പെട്ടെന്ന് കൂടിയപോലെ. “കട്ടപുറം” ബസ്സുകളുടെ ഇടയില്‍ നിന്ന്‍ ഒരു പോലീസ് ജീപ്പ് വളരെ പതുക്കെ വരുന്നു. ജീപിനുള്ളില്‍ എസ്.ഐ. നിര്‍ഗുണന്‍ സാര്‍. സാള്‍ട്ട് ആന്‍ഡ് പെപ്പെര്‍ പ്രായം. ഊര് തിരോന്തുരം. ഹെച്.സി. ഉന്മേഷ് കുമാര്‍ ഉണ്ട് കൂടെ. കാക്കിക്കൂട്ടം വിവരങ്ങള്‍ കയ്യ്മാറുന്നു. പിരിയുന്നു. മഴ പൊടിഞ്ഞുതുടങ്ങി. ഒരു കറക്കം കൂടിയാവാം എന്ന മട്ടില്‍ ഞാന്‍ നടന്നു. സ്റ്റാണ്ടിന്റ്റെ മുന്‍വശത്തായി ഒരു ചെറിയ ആള്‍ക്കൂട്ടം രൂപപ്പെട്ടിരിക്കുന്നു. അടുത്ത് പോയി നോക്കാന്‍ തീരുമാനിച്ചു. ആള്‍ക്കൂട്ടത്തിന്റ്റെ നടുവില്‍ എസ്.ഐ. നിര്‍ഗുണന്‍ സാറിന്റ്റെ നര കണ്ടു. ഒന്നുകൂടി സൂക്ഷിച്ചു നോക്കിയപ്പോള്‍ കണ്ടത് മണവാട്ടിയേയും, തോഴനും. തോഴന്റ്റെ അടുത്ത് സോമനും.
ഹെച്ച്.സി. ഉന്മേഷ് കുമാര്‍ എല്ലാ ഉന്മേഷത്തോടുകൂടി മണവാട്ടിയേയും, തോഴനെയും വിസ്ഥരിക്കുകയാണ്. അപ്ലൈ അപ്ലൈ നോ റിപ്ലയ് എന്ന് പറയുമ്പോലെ, നോ റിപ്ലയ് ഫ്രം മണവാട്ടി ആന്‍ഡ് തോഴന്‍. നിര്‍ഗുണന്‍ സാറിനു എന്ത് ചെയ്യണം എന്നോരെത്തും പിടിയും കിട്ടുന്നില്ല. സംഭവം പിടിക്കിട്ടി. “കംമ്യുനികേഷന്‍ പ്രോബ്ലെംസ്”.
നിര്‍ഗുണന്‍ സാര്‍ ഉന്മേഷ് കുമാറിനോട്: ഡേയ്, യെവരോന്നും പറയണിലല്ലാ..
ഉന്മേഷ് കുമാര്‍: സാര്‍, മലയാളം അറിയില്ല തോന്നുന്നു...
നിര്‍ഗുണന്‍ സാര്‍: അങ്ങിനെ എങ്ങിനെയാണ്??? എന്ന് പറഞ്ഞ് തോഴനെ നോക്കി, “ബംഗാള്‍” “ബീഹാര്‍” “ഒറീസ്സ” എവിടയാണ്???
തോഴന്‍: ബീഹാര്‍....
നിര്‍ഗുണന്‍ സാര്‍:: കണ്ടാ...യെറക്കുമതിയാണ് യെവര്‍... അന്നിട്ട് ഉന്മേഷ് കുമാറിനോട്....ഹിന്ദിയില് ചോയിര്..
ഉന്മേഷ് കുമാര്‍: “ബീഹാര്‍” ???
തോഴന്‍: അതെ എന്ന് തലയാട്ടുന്നു.
ഉന്മേഷ് കുമാര്‍: കഹാം ജാനാ???
തോഴന്‍: ഒന്നാലോജിച്ചിട്ടു, മൂന്നാര്‍...
നിര്‍ഗുണന്‍ സാര്‍: മൂന്നാറിലോട്ടു എന്തിനു പോണ്ണ്‍???
ഉന്മേഷ് കുമാര്‍: മൂന്നാര്‍ ക്യോം???
തോഴന്‍: മാമാ ഘര്‍...
അപ്പോഴതാ നമ്മുടെ സോമന്‍ ചേട്ടന്‍...
സോമന്‍: നാം ക്യാ തുമാരാ??? മൂന്നാര്‍ മേ തുമാരാ മാമാ ക ഘര്‍ ഹേ??
തോഴന്‍: രമേശ്.....അതെ എന്ന് വീണ്ടും തലയാട്ടുന്നു.
നിര്‍ഗുണന്‍ സാര്‍ സോമനോട്: നിങ്ങള് ബീഹാറാണ്???
സോമന്‍: അല്ല സാര്‍...ഹിന്ദി അറിയാം...
നിര്‍ഗുണന്‍ സാര്‍: ചോയിര് ചോയിര്...
നിര്‍ഗുണന്‍ സാര്‍ മണവാട്ടിയോട്: നാം ക്യാ???
മണവാട്ടി: മഹാലക്ഷ്മി ...(തല കുനിച്ച്ചുകൊണ്ട് തന്നെ പറഞ്ഞു)
സോമന്‍ തോഴനോട്: യെ തുമാരാ കോന്‍???
തോഴന്‍: മേ ചന്തു സാത്ത് ആയാ....
നിര്‍ഗുണന്‍ സാര്‍: ആര് ചന്തു???
സദാചാരന്മാരില്‍ ഒരാള്‍: ആ വെള്ള ഉടുപ്പിട്ടയാള്‍ ആയിരിക്കും...
മറ്റൊരാള്‍: അവന്‍ ഇവക്കടെ കൂടെ നടക്കണ കണ്ടല്ലാ...
പിന്നില്‍ നിന്ന് ആരോ: മചൂ, അവന്‍ സ്കൂട്ടായതാ...
എന്തോ ചുറ്റികളി നിര്‍ഗുണന്‍ സാറിനു മണത്തു. നിര്‍ഗുണന്‍ സാര്‍, കാര്യങ്ങള്‍ ചോതിച്ചു മനസ്സിലാക്കാന്‍ സോമനെ ഏല്‍പ്പിച്ചു. ഉമേഷ് കുമാറിന്റ്റെ ഉന്മേഷമൊക്കെ അണഞ്ഞു. മഴ ചാറി തുടങ്ങി. സോമനും തോഴനും ഭയങ്കര ബോല്‍ത്ത്. തോഴന്‍ ഒരു നമ്പര്‍ കൊടുക്കുന്നു. സോമന്‍ തന്റ്റെ ഫോണില്‍ നിന്നും വിളിക്കുന്നു. ഹിന്ദിയില്‍ തകര്‍ക്കുന്നു. നിര്‍ഗുണന്‍ സാര്‍ അക്ഷമനായി നില്‍കുന്നു. ഉന്മേഷ് കുമാര്‍ ഒരു നോക്കുകുത്തിയെ പോലെ നില്‍കുന്നു. സോമന്‍ സംസാരിച്ചു കഴിഞ്ഞതും...
നിര്‍ഗുണന്‍ സാര്‍: ഒള്ളത് തന്നേ????
സോമന്‍: മൂന്നാര്‍ സത്യമാണ്...പക്ഷെ....
നിര്‍ഗുണന്‍ സാര്‍: യെവര്‍ ഭാര്യാ ഭര്‍ത്താക്കള്ള് തന്നല്ലാ???
സോമന്‍: അല്ല സാറേ, കല്‍പന എന്നാണ് ഇയാളുടെ ഭാര്യയുടെ പേര്..
തോഴന്‍: വൊ മൂന്നാര്‍ ഘര്‍ മേ ഹേ....
സോമന്‍: ചന്തു ഇവളെയും കൂട്ടി മൂന്നാര്‍ വരുമെന്നാണ് അയാള്‍ പറഞ്ഞത്...
തോഴന്‍: ചന്തു ഗയാ...ജഗടാ ഹുവാ...
സോമന്‍ തന്റ്റെ ഫോണില്‍ എന്തോ നോക്കികൊണ്ടിരിക്കുന്നു. എന്നിട്ട് തന്റ്റെ ബാഗില്‍ എന്തോ തിരയുന്നു...എന്തോ സ്വയം പറയുന്നു....വീണ്ടും തിരയുന്നു.
സാര്‍ ഉന്മേഷ് കുമാറിനോട്: ഡേയ് നീ യെവരെയും കൂട്ടി സ്റ്റേഷനിലോട്ട് വാ കേട്ടാ....
സദാചാരന്മാര്‍ പിരിഞ്ഞു തുടങ്ങി. ചാറ്റല്‍ മഴയ്ക്ക് ശക്തി കൂടിതുടങ്ങി. സോമന്‍ തന്റ്റെ പെട്ടിയിമെടുത്ത് നടക്കാന്‍ തുടങ്ങുബോള്‍.....
നിര്‍ഗുണന്‍ സാര്‍: ഡേയ്, നീയും അങ്ങ് വന്നേകണം കേട്ടാ...
സോമന്‍: സാറേ, വണ്ടി ഇപ്പൊ വരും സാറേ.....ഞാന്‍ എന്തിനാ.....
നിര്‍ഗുണന്‍ സാര്‍ ഉന്മേഷ് കുമാറിനോട്: യെവനെയും....കേട്ടാ...
നിര്‍ഗുണന്‍ സാര്‍ ജീപ്പില്‍ കയറി പോയി. ഉന്മേഷ് കുമാറിന് വീണ്ടും ഉന്മേഷം. മൂവരും നടക്കുകയായി. സോമന്‍ ഫോണില്‍ ആരെയോ വിളിക്കുന്നു...
സോമന്‍: ഹലോ...ഞാനാ...ഒരു ചെറിയ പ്രശ്നം...ഞാന്‍ പോലീസ് സ്റ്റേഷനില്‍......ഹലോ...ഹലോ...ശേ......ബാലന്‍സ് തീര്‍ന്നു.....തിരിച്ചു വിളിചാമതിയായിരുന്നു......ബാറ്ററി ചാര്‍ജ് ഏതു നിമിഷവും തീരും....അല്ലാ സാറേ ഞാന്‍ ഇപ്പൊ എന്തിനാ....
ഉന്മേഷ് കുമാര്‍: പേടികേണ്ടാ...വിളിച്ചാല്‍ എന്‍റ്റെ നമ്പര്‍ കൊടുത്തോ ....(സോമാന്റ്റെ ഫോണ്‍ അടിക്കുന്നു..)
സോമന്‍: അതേയ് ഞാന്‍ പോലീസ് സ്റ്റേഷനില്‍......ഹലോ...ഹലോ....ചേ...ഫോണ്‍ ഓഫായി...
തിരിച്ചു വീട്ടിലേക്കു പോകുബോള്‍ അവിടെ നടന്ന സംഭവങ്ങള്‍ അമ്മയോട് പറഞ്ഞു. അമ്മ പറഞ്ഞു, ഇതൊക്കെകൊണ്ടാ ഇപ്പോഴത്തെ കാലത്ത് സഹായം ചെയ്യാന്‍ പോലും ആളുകള്‍ മടിക്കുന്നത്...അയാള്‍ക്ക് വല്ല കാര്യവും ഉണ്ടായിരുന്നോ...പാതിരാത്രിക്ക് പോലീസ് സ്റ്റേഷന്‍ എന്ന് കേട്ടാല്‍ ആരായാലും പേടിക്കില്ലേ.....എന്നൊക്കെ പറഞ്ഞുകൊണ്ടിരുന്നു....അമ്മ പറയുന്നതെല്ലാം ശെരിയാണെന്ന് ഭാവത്തില്‍ ഞാന്‍ തലയാട്ടികൊണ്ടിരുനെങ്കിലും, എന്‍റ്റെ മനസ്സില്‍ ഞാന്‍ പറഞ്ഞുകൊണ്ടിരുന്നത് ഇതാണ് - അങ്ങിനെ വീണ്ടും സോമന്‍ ഊളയായി!!!

No comments:
Post a Comment